നവാസ് മേത്തർ
തലശേരി: കോവിഡ് പശ്ചാത്തലത്തിൽ ഗുഡ്സ് വാഹനങ്ങളിൽ ഡിസംബർ 31 വരെ ജിപിഎസ് നിർബന്ധമില്ലെന്നു മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വാഹനങ്ങളുടെ എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടിയിരുന്നു.
ഇതോടൊപ്പം ജിപിഎസ് സ്ഥാപിക്കുന്നതിനുള്ള കാലാവധിയും നീട്ടിക്കൊടുക്കുകയായിരുന്നു. എന്നാൽ, ഈ ഉത്തരവുകളൊക്കെ വാക്കാൽ മാത്രമാണ് ഇപ്പോഴുള്ളത്.
ഒന്നും രേഖാമൂലമുള്ള ഉത്തരവുകളായി ഇതുവരെ ഇറങ്ങിയിട്ടില്ല. ഇത് വാഹനാപകടങ്ങളുൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നിയമ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഗുഡ്സ് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കേണ്ടതില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
എന്നാൽ ഗുഡ്സ് വാഹനങ്ങൾക്കു ജിപി എസ് വേണ്ടെന്ന വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പ്രഖ്യാപനത്തെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല.നിലവിൽ ശക്തമായി നടപ്പിലാക്കി കൊണ്ടിരുന്ന നിയമം നടപ്പിലാക്കില്ലന്നു മന്ത്രി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചതു നിയമ രംഗത്തുള്ളവരെ അമ്പരപ്പിച്ചു.
ഇരിക്കൂർ പെരുമൺ ദുരന്തത്തിന്റേയും ചാല ടാങ്കർ ദുരന്തത്തിന്റെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിന്റേയും പശ്ചാത്തലത്തിലാണ് ഗുഡ്സ് വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതനുസരിച്ച് സി ഡാക്കിനു പ്ലാൻ ഫണ്ടിൽനിന്നു തുക വകയിരുത്തി പ്രൊജക്ട് കൊടുക്കുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഇതിനിടയിലാണ് ജിപിഎസ് ഘടിപ്പിക്കേണ്ടെന്ന മന്ത്രിയുടെ കുറിപ്പ് വന്നത്.
എന്നാൽ, ജിപിഎസ് ഒഴിവാക്കി കൊണ്ടുള്ള ഒരു ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല. വാഹനങ്ങൾക്കു ഫിറ്റ്നസ് ലഭിക്കണമെങ്കിൽ ജിപിഎസ് നിർബന്ധമാണ്. കേന്ദ്ര നിയമത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി കൊണ്ട് ജിപിഎസിന് എതിരേ ടിപ്പർ ഉടമകൾ രംഗത്തുണ്ട്.
ജിപിഎസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം സംസ്ഥാന സർക്കാരാണ് ആദ്യം കൊണ്ടു വന്നതും നടപ്പിലാക്കിയതും. ഇതിനു ശേഷം കേന്ദ്രത്തിന്റെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ അവ്യക്തതയുണ്ടെന്നുമാണ് ടിപ്പർ ഉടമകളുടെ വാദം.
ജിപിഎസ് നിർബന്ധമില്ലെന്ന മന്ത്രിയുടെ ഫേസ് ബുക്ക് പ്രഖ്യാപനത്തിനു പിന്നാലെ ജിപിഎസ് കർശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും എത്തിയിട്ടുണ്ട്.
ജിപിഎസ് നടപ്പിലാക്കിയതു കൊണ്ടാണ് അവിനാശി ദുരന്തത്തിൽ ഡ്രൈവറുടെ റോൾ കൃത്യമായി കണ്ടെത്താൻ സാധിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.
അതേസമയം, ജിപിഎസ് നിർബന്ധമല്ലാതാക്കിയത് നടപ്പാകണമെങ്കിൽ ഉത്തരവ് ഇറങ്ങണമെന്നും അതില്ലാത്തതു മൂലം പണം മുടക്കി ജിപിഎസ് ഘടിപ്പിക്കാൻ ഉടമകൾ നിർബന്ധിതരാവുകയാണെന്നും ഗുഡ്സ് വാഹന ഉടമകൾ പറയുന്നു.