ഗൂഗിൾ എർത്തിന്റെയും ജിപിഎസിന്റെയും സഹായത്താൽ പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തിയ യുവാവിന് ഗിന്നസ് വേൾഡ് റിക്കാർഡ്. ടോക്കിയൊ സ്വദേശിയായ യാസുഷി യസൻ എന്നായാളാണ് വിവാഹാഭ്യർത്ഥന നടത്തുവാൻ അൽപ്പം വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്.
ഏകദേശം ആറു മാസങ്ങൾ കൊണ്ട് ജപ്പാനിലെ ഹൊക്കായ്ഡോയിൽ നിന്നും കാഗോഷിമയിലേക്ക് 7,000 കിലോമീറ്റർ സഞ്ചരിച്ച് യാസുഷി “മാരി മീ’ എന്ന് എഴുതി. കാമുകിക്കു വേണ്ടി ഒരു ഹാർട്ടും യസൻ വരച്ചു. ഏറ്റവും വലിയ ജിപിഎസ് ചിത്ര രചന എന്ന വിഭാഗത്തിലാണ് യസന് ഗിന്നസ് റിക്കാർഡ് ലഭിച്ചത്.
ഗൂഗിൾ എർത്തും ഗൂഗിൾ സ്ട്രീറ്റ് വ്യൂവും ഉപയോഗിച്ച് കഴിഞ്ഞ പത്ത് വർഷങ്ങളായി ജിപിഎസ് ആർട്ട് നിർമിക്കുന്നയാളാണ് യസൻ. പ്രണയിനിയോടുള്ള സ്നേഹം വെളിപ്പെടുത്തുവാൻ ഇത്രയധികം പരിശ്രമം നടത്തിയ യസന് സോഷ്യൽമീഡിയയിൽ വലിയ അംഗീകാരമാണ് ലഭിക്കുന്നത്.