കോഴിക്കോട്: പ്രളയത്തെ തുടര്‍ന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു സാങ്കേതികതയും കണക്കിലെടുത്ത് സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷയ്ക്കായുള്ള ജിപിഎസ് പദ്ധതിയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് ഇളവ് നല്കി. ഇന്നു മുതല്‍ ജിപിഎസ് ഘടിപ്പിക്കാതെ സ്കൂള്‍ വാഹനങ്ങള്‍ റോഡിലിറക്കരുതെന്നും നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം. പത്മകുമാര്‍ ഉത്തരവിറക്കിയത്.
എന്നാല്‍ പ്രളയവും തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ജിപിഎസ് ഘടിപ്പിക്കുന്നതിന് ഒരു മാസം കൂടി കാലാവധി അനുവദിച്ചു. അതേസമയം ഇന്നു മുതല്‍ തന്നെ പരമാവധി സ്കൂള്‍വാഹനങ്ങള്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച ശേഷമേ നിരത്തിലിറങ്ങാവൂ എന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.
സ്കൂള്‍,കോളജ് ബസുകളുടെയും യാത്രക്കാരുടെയും സുരക്ഷക്കായാണ് ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്. സ്കൂള്‍ വാഹനങ്ങളുടെ ദിശയും വേഗതയും സമയവും ഇതുവഴി നിരീക്ഷിക്കാന്‍ സാധിക്കും. സി-ഡാക്കുമായി ചേര്‍ന്ന് നിരീക്ഷണ സംവിധാനം ഒരുക്കുന്നത്. വാഹനങ്ങളെ നിരീക്ഷിക്കാനുളള കേന്ദ്രീകൃത കണ്ട്രോള് റൂം ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറേറ്റിലാണ് ഉണ്ടാവുക.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലും ആര്‍ടി ഓഫീസുകളിലും കണ്ട്രോള് റൂമുകളിലും ജിപിഎസ് ഘടിപ്പിച്ച സ്കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ തത്സമയം അറിയാന്‍ സാധിക്കും വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. നിരീക്ഷണ സംവിധാനത്തിനും സോഫ്വെയറിനും അനുയോജ്യമായ വെഹിക്കിള്‍ ട്രോക്കിങ് യൂണിറ്റാണ് സ്കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടത്.
വാഹന ഉടമകള്‍ക്ക് വേണ്ടി യോഗ്യതയുളള പന്ത്രണ്ട് വിടിയു നിര്‍മ്മാണ കമ്പിനികളാണിപ്പോള് രംഗത്തുള്ളത്. കൂടുതല്‍ കമ്പനികള്‍ ഉപകരണങ്ങളുമായി സിഡാക്ക് മുമ്പാകെ എത്തുന്നുണ്ട്. ഗുണമേന്മയും കാര്യക്ഷമതയും പരിശോധിച്ച ശേഷമാണ് ജിപിഎസ് വില്പനയ്ക്കുള്ള അനുമതി നല്‍കുന്നത്.
ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളുടെ അസ്വാഭാവികമായ ചലനങ്ങള്‍ കണ്ട്രോള് റൂമില്‍ അറിയുന്ന നിമിഷം തന്നെ സ്കള് അധികൃതരുടെ മൊബൈല്‍ ഫോണില്‍ എസ്എംഎസായി സന്ദേശം എത്തും. അത്യാഹിതങ്ങള്‍, തകരാറുകള്‍, ഗതാഗത തടസം, അമിതവേഗം, അപകടകരാംവിധത്തിലുള്ള ഡ്രൈവിങ് തുടങ്ങിയ സാഹചര്യങ്ങളില്‍ അടിയന്തിരമായി സന്ദേശം കൈമാറാനുളള പാനിക് ബട്ടനുകളും ബസുകളിലുണ്ടാവും.
പാനിക് ബട്ടനില്‍ അമര്‍ത്തുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ട്രോള് റൂം, പോലീസ്് എന്നിവര്‍ക്ക് സന്ദേശം ലഭിക്കും. പ്രാരംഭ ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലാണ് ജിപിഎസ് സംവിധാനം നടപ്പാക്കുന്നത്. പിന്നീട് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും ഈ സംവിധാനം കൊണ്ടുവരാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.