കാക്കനാട്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത് ഇനിയും വൈകും. ഗുണനിലവാരത്തിലും വിലയിലും മേന്മയുള്ള കമ്പനികളെ കണ്ടെത്തുന്നതിലുണ്ടായ കാലതാമസമാണ് കാരണമായി അധികൃതർ പറയുന്നത്.
ഈ മാസം പകുതിയോടെ എല്ലാ സ്കൂൾ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾ കൂടുതലായി അപകടങ്ങളിൽപെടുന്നതിനാലാണ് ജിപിഎസ് ഘടിപ്പിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ജിപിഎസ് നിർമിക്കുന്ന 300 ഓളം കമ്പനികൾ ഇത് നൽകാമെന്ന് അറിയിച്ചുകൊണ്ട് സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അത് വേർതിരിച്ച് അതാത് ആർ ടി ഓഫീസുകൾക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ അയച്ചുകൊടുത്തിട്ടുണ്ട്.
എറണാകുളം ആർടിഒയ്ക്ക് ലഭിച്ച 30 കമ്പനികളെ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. അത് ട്രാൻസ്പോർട്ട് കമ്മീഷണർ പരിശോധിച്ചശേഷം ഗുണനിലവാരമുള്ള കമ്പനികളെ പരിഗണിക്കും. ഇതിനിടയിൽ 12 കമ്പനികളുടെ ജിപിഎസ് അടിച്ചേൽപ്പിക്കുന്നതായി സ്കൂൾ അധികൃതർ ആക്ഷേപം ഉന്നയിച്ചിരുന്നു.
കേരളത്തിൽനിന്നു മൂന്നു കമ്പനികളെയും സംസ്ഥാനത്തിനു പുറത്തുനിന്ന് ഒമ്പത് കമ്പനികളെയുമാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നത്. അതിൽ അഴിമതി ഉണ്ടെന്ന ആക്ഷേപം ശക്തമായപ്പോഴാണ് കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തി അപേക്ഷകൾ സ്വീകരിച്ചത്.
സ്കൂൾ തലങ്ങളിലെ 956 വാഹനങ്ങളിലാണ് ആദ്യഘട്ടം ജിപിഎസ് സംവിധാനം നടപ്പാക്കുന്നത്. വാഹനങ്ങളിൽ ഉണ്ടാകുന്ന അപകടം, വേഗത, കേടുപാടുകൾ എന്നിവ മനസിലാക്കാനാണ് പുതിയ സംവിധാനം വരുന്നത്.ഇതിനാവശ്യമായ സോഫ്റ്റ് വെയർ സീ ഡിറ്റ് തയാറാക്കിയിട്ടുണ്ട്. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലിരുന്നാൽ ജിപിഎസ് ഘടിപ്പിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ കഴിയും.
50 സീറ്റുകളുള്ള വലിയ ബസുകൾ, 41 സീറ്റുകളുള്ള 234 ഇടത്തരം വാഹനങ്ങൾ, 30 സീറ്റുകളുള്ള 561 ചെറുവാഹനങ്ങളുമാണ് ആർടിഒയിലെ കണക്കുപ്രകാരം ജില്ലയിൽ കുട്ടികളെ കയറ്റി പോകുന്ന സ്കൂൾ വാഹനങ്ങളുള്ളത്. കഴിഞ്ഞ ജൂലൈ മാസത്തിനുശേഷം നികുതി അടച്ച വാഹനങ്ങളാണിവ. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കാണ് ജിപിഎസ് ഘടിപ്പിക്കുന്നത്. രണ്ടാം ഘട്ടം സ്വകാര്യ ബസുകളിലും കുടിവെള്ള ടാങ്കറുകളിലും ജിപിഎസ് ഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
വാഹനങ്ങളുടെ പെർമിറ്റുമായി ജിപിഎസ് ലിങ്ക് ചെയ്യും. ഗതാഗത നിയമം ലംഘിച്ച വാഹനമാണോ പിഴ ചുമത്തിയിട്ടുണ്ടോ എന്ന കാര്യവും ഇതിൽ രേഖപ്പെടുത്തും. സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്ന സ്ഥലം ഇറങ്ങുന്ന സ്ഥലം സമയം എന്നിവ മനസിലാക്കാം. ബ്രേക്ക് ഡൗൺ ആയാൽ എവിടെയാണെന്ന കാര്യവും അറിയാം.