നെടുമ്പാശേരി: യുദ്ധക്കെടുതികളുടെ നടുവില്‍നിന്നു നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്ക് ഉറ്റവരുടെയും നാടിന്റെയും സ്നേഹനിര്‍ഭരമായ വരവേല്‍പ്പ്.
“ഓപ്പറേഷന് ഗംഗ’ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ് യുക്രെയ്നില്‍നിന്നുള്ള ആദ്യസംഘം കൊച്ചിയിലെത്തിയത്.
പ്രത്യേക രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ 47 വിദ്യാര്‍ഥികള്‍ നെടുന്പാശേരി വിമാ നത്താവളത്തിലെത്തി.
മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്നായി ഇന്‍ഡിഗോ എയര്‍ലെന്‍സിന്റെ നാലു വിമാനങ്ങളിലായാണ് ഇവരെ നാട്ടിലെത്തിച്ചത്.
മടങ്ങിയെത്തിയവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം മന്ത്രി പി. രാജീവ്, ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.
ഉച്ചയ്ക്ക് 1.15ന് മുംബൈയില്‍ നിന്നെത്തിയ ആദ്യ വിമാനത്തില്‍ ബെക്സി, ജ്യോതിലക്ഷ്മി, അശ്വതി, ആദിത്യ, അഞ്ചല മരിയ, മേഘന, ഗ്രീഷ്മ റെയ്ച്ചല്‍, ലക്ഷ്മി, അക്ഷര രഞ്ജിത്, ദിലീന, കാര്‍ത്തിക വിനോദ്കുമാര്‍ എന്നീ വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്.
വിമാനമിറങ്ങി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവര്‍ ബന്ധുക്കളെ കണ്ടതോടെ വിങ്ങിപ്പൊട്ടി.
പലര്‍ക്കും മടങ്ങിയെത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാതെ കണ്ണു നിറഞ്ഞു.
സ്വദേശത്തേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ മന്ത്രിയടക്കുള്ള ജനപ്രതിനിധികൾ പൂക്കൾ നല്‍കിയാണ് സ്വീകരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നോടെ ഡല്‍ഹിയില്‍നിന്ന് ഒമ്പത് പേരും വൈകുന്നേരം നാലോടെ ഏഴു പേരും രാത്രി 10.45ന് എത്തിയ മറ്റൊരു വിമാനത്തില്‍ 20 പേരും നാട്ടിലെത്തിച്ചേര്‍ന്നു.