എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചിരിപടർത്തുന്നത്. സ്റ്റേജിലേക്ക് തിരക്കിട്ട് വരികയാണ് ഗ്രേസ് ആന്റണി. അപ്പോഴാണ് സ്റ്റേജിനു മുൻപിലായി ഇരിക്കുന്ന തന്റെ സഹപ്രവർത്തകരെ കണ്ടത്.
തിരക്കിനിടയിലും പലർക്കും ഹസ്തദാനം നൽകിക്കൊണ്ടാണ് താരം കടന്നുപോകുന്നത്. എന്നാൽ കൂട്ടത്തിലിരുന്ന സുരാജ് വെഞ്ഞാറമ്മൂടിനെ നടി കാണാഞ്ഞതാണോ അതോ കണ്ടിട്ടും തിരക്കായതിനാൽ ഓടിപ്പോയതാണോ, ഒന്നും അറിയില്ല, എന്തായാലും സുരാജ് കൈ കൊടുക്കാൻ വന്നത് ഗ്രേസ് കണ്ടില്ല. എന്നാൽ പെട്ടെന്ന്തന്നെ എന്തോ ഓർത്തപോലെ ഗ്രേസ് വേഗംതന്നെ പുറകിലേക്ക് വന്ന് സുരാജിന് കൈ കൊടുക്കുന്നു.
എന്തായാലും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറലായി. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ താരങ്ങൾ നൽകിയ കമന്റാണ് രസകരമായത്. ഇത് അങ്ങനെ ഒന്നുമല്ലടാ’ എന്ന സുരാജിന്റെ ഡയലോഗ് തന്നെ ഗ്രേസ് വീഡിയോക്ക് കമന്റ് ചെയ്തു. ഞാന്‍ മാത്രമല്ല ടൊവിനോയും ഉണ്ട്’ എന്ന് സുരാജ് മറുപടി നല്കി. എന്നാല്‍ ബേസില്‍ സംഭവത്തിന് ശേഷം താന്‍ ആര്‍ക്കും കൈകൊടുക്കാറേ ഇല്ല എന്നായിരുന്നു ടൊവിനോയുടെ കമന്റ്.
കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ സമാപന ചടങ്ങില്‍ മെഡല്‍ വിതരണത്തിടെ ഒരു താരത്തിനുനേരെ ബേസിൽ കൈ നീട്ടിയപ്പോൾ അത് കാണാതെ താരം തൊട്ടടുത്തു നിന്ന പൃഥിരാജിന് കൈ കൊടുത്തു. ഇത് വലിയ രീതിയിൽ ട്രോൾ ആയതായിരുന്നു.
എന്നാൽ ചമ്മുന്നതിനെല്ലാം തുടക്കം കുറിച്ചത് ടോവി ആണെന്നാണ് ആരാധകർ പറയുന്നത്. മരണമാസ് എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ പൂജാരി ആരതി കൊണ്ടു വന്നപ്പോൾ അതിൽ തൊട്ട് വന്ദിക്കാൻ വേണ്ടി ടോവിനോ കൈ നീട്ടി. എന്നാൽ പൂജാരി അത് ശ്രദ്ധിച്ചില്ല. അദ്ദേഹം പെട്ടെന്ന്തന്നെ തൊട്ടടുത്തു നിന്ന ആളിലേക്ക് ആരതിയുമായി പോയി. ടോവിനോയുടെ അടുത്ത് നിന്ന ബേസില്‍ ഇത് കണ്ട് കളിയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് വൈറലായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ബേസിലിന് സമാനമായ അനുഭവം ഉണ്ടായത്. ഇപ്പോഴിതാ സുരാജിനും.