തിരുവനന്തപുരം: ‘ഞാൻ വളർത്തിയ കുട്ടിയല്ലേ? അവൾക്ക് ആരേയും ഉപദ്രവിക്കാൻ പറ്റില്ല’: മൃഗശാലയിലെ കൂടിനുള്ളിലെ മരച്ചുവട്ടിൽ വിശ്രമിക്കുന്ന ഗ്രേസി എന്ന പെണ്‍സിംഹത്തെ നോക്കി കീപ്പറായ എം. വിമൽ പറഞ്ഞു. ‘ഗ്രേസീ…’ വിമൽ നീട്ടി വിളിച്ചു. ഗ്രേസി ഒന്നു തലപൊക്കി നോക്കി. പക്ഷേ അനങ്ങിയില്ല.
‘കഴിഞ്ഞ ദിവസത്തെ ബഹളമൊക്കെ കേട്ടു പേടിച്ചിട്ടാണെന്നു തോന്നുന്നു. അവൾ എഴുന്നേൽക്കുന്നില്ല. ഭക്ഷണവും കഴിച്ചിട്ടില്ല. സാധാരണ എന്റെ ശബ്ദം കേട്ടാൽ ഓടി വരേണ്ടതാണ്. ഇന്നിപ്പോ കണ്ടില്ലേ, ആ മരത്തിന്റെ ചുവട്ടിൽ നിന്നു മാറുന്നില്ല’: സ്വന്തം കുഞ്ഞിനാണോ വിഷമം സംഭവിച്ചത് എന്നു തോന്നും വിമലിന്റെ വാക്കുകേട്ടാൽ.
ഒരുതരത്തിൽ പറഞ്ഞാൽ അതും ശരിയാണ്. മൃഗശാലയിലെ തന്നെ സിംഹങ്ങളായ ഐശ്വര്യയുടേയും ആയുഷിന്റെയും മകളാണു ഗ്രേസിയെങ്കിലും വിമലാണു ഗ്രേസിയുടെ ’വളർത്തച്ഛൻ’.
രണ്ടു വർഷം മുന്‍പാണു ഗ്രേസി ജനിച്ചതെ ന്നു പറഞ്ഞു. രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. ആണ് ജനിച്ചപ്പോൾ തന്നെ ചത്തു. മഴയത്തു കിടന്ന ഗ്രേസിയെ ഞാനാണ് ഒരു ടവ്വലിൽ പൊതിഞ്ഞെടുത്തു മൃഗശാലയിലെ ആശുപത്രിയിലെത്തിച്ചത്. നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കൂട്ടിലേക്കു മാറ്റിയെങ്കിലും ഒരു മാസത്തിനുള്ളിൽ അവളുടെ കാലുകൾ തളർന്നു.
മൃഗശാല വെറ്ററിനറി സർജൻ ഡോ. ജേക്കബ് അലക്സാണ്ടറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആ സമയത്തെല്ലാം ഞാനാണ് അവളെ പരിചരിച്ചിരുന്നത്. അതൊക്കെയാകാം അവളുടെ ഈ സ്വഭാവത്തിനു കാരണം. അസുഖം ഒക്കെ ഭേദമായപ്പോഴേക്കും ഞങ്ങൾ തമ്മിൽ വലിയ സ്നേഹമായി.
ഗ്രേസിക്കുട്ടിക്കു പാട്ടു പാടിക്കൊടുത്തതും കളിക്കാനായി പന്തുണ്ടാക്കി കൊടുത്തതുമൊക്കെ പറയുമ്പോൾ വിമലിന്റെ വാക്കുകളിൽ വാത്സല്യത്തിന്റെ മധുരമൂറുന്നുണ്ടായിരുന്നു.