കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ മദ്യ ലഹരിയില്‍ പോലീസിനുനേരേ നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദനം. എസ്ഐയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. വനിത എഎസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് നേപ്പാള്‍ സ്വദേശികളായ യുവതിയും യുവാവും അറസ്റ്റില്‍. ഗീത ലിംബു, ഇവരുടെ ആണ് സുഹൃത്ത് സുമന് എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നു പുലര്‍ച്ചെ 1.45 ന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളിക്കു സമീപത്തായിരുന്നു സംഭവം. സ്കൂട്ടറില്‍ സംശയാസ്പദമായ രീതിയില്‍ യുവാവിനെയും യുവതിയെയും കണ്ട് പട്രോളിംഗിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയും ഡ്രൈവറും അടങ്ങുന്ന സംഘം അടുത്തെത്തിയപ്പോള്‍ ഇവര്‍ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു.
പിന്തുടര്ന്ന് പോലീസ് സംഘം ഇവരെ വഴി അവസാനിക്കുന്നിടത്തുവച്ച് പിടികൂടി. ഇതിനിടയിലാണ് പോലീസിനെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു.