തിരുവനന്തപുരം: ഗ്രേഡ് എസ്ഐമാർ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പോലീസിന്റെ ഉത്തരവ്. ആഭ്യന്തര വകുപ്പിന്റെ നിർദേശമനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾ മുഖേന സബ് ഡിവിഷണൽ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ് നിർദേശം നൽകിയത്.
1988ലെ മോട്ടോർ വാഹന നിയമം 200(1)അനുസരിച്ച് പോലീസ് സബ് ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർമാർക്കുമാണ് വാഹനപരിശോധന നടത്തി പിഴ ഈടാക്കാൻ അധികാരമുള്ളൂ.
ഈ നിയമം ഭേദഗതി ചെയ്ത് സ്ഥാനക്കയറ്റം വഴി എസ്ഐമാരാകുന്ന ഗ്രേഡ് എസ്ഐമാരെ കൂടി വാഹനം പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ ഇത് പുനപരിശോധിക്കാൻ കഴിയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മറുപടി.