മരട്: ഗ്രാഫിറ്റി എഴുത്തുകളിൽ പോലീസ് അന്വേഷണം തുടങ്ങി. മരട് നഗരസഭയിലെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര എഴുത്തുകൾ നഗരപരിധിയിൽ വ്യാപകമായതോടെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി മരട് പോലീസിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
നഗരസഭ സ്ഥാപിച്ച ബോർഡുകൾ, ബസ് സ്റ്റോപ്പുകൾ, പാലങ്ങളുടെ താഴെ, ദിശാ സൂചകങ്ങൾ, ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ടെലിഫോൺ, കേബിൾ, കെഎസ്ഇബി ബോക്സുകളിൽ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം ഒരേ രീതിയിലുളള എഴുത്തുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് പരാതിയുമായി മരട് നഗരസഭ ഇറങ്ങിത്തിരിച്ചത്.
എസ്ഐസികെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങൾ. രാത്രിയിലാണ് വരയ്ക്കുന്നതെന്ന് കരുതുന്ന ഈ വിചിത്ര എഴുത്തുകൾക്ക് പിന്നിൽ ആരാണെന്നത് ദുരൂഹമായി തുടരുകയാണ്. പൊതു ഇടങ്ങളിൽ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതിനു പിന്നിലെന്നും അനുമാനമുണ്ട്.
കൊച്ചി കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള ചിത്രരചനകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുണ്ടന്നൂർ, വൈറ്റില, പൊന്നുരുന്നി, എളംകുളം, തൈക്കൂടം, ബണ്ട് റോഡ് തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എഴുത്ത് കാണപ്പെടുന്നുണ്ടെന്ന് പറയുന്നു. നഗരവാസികളുടെ കണ്ണുവെട്ടിച്ച് വ്യാപകമാകുന്ന വിചിത്ര രചനയുടെ കൗതുകത്തിലും ആശങ്കയിലുമാണ് നാട്ടുകാർ. മരട് നഗരസഭ സെക്രട്ടറി ഇ.നാസിം ആണ് പോലീസിൽ പരാതി നൽകിയത്.