ഈ ഗ്രാമത്തിലേക്കു താമസം മാറ്റിയാൽ കൈയോടെ നാല്പതിനായിരം യൂറോ. അതായത് ഇന്ത്യൻ കണക്കിൽ ഏതാണ്ട് 35 ലക്ഷം രൂപ. വീടു വാടകയ്ക്കെടുത്താൽ കൊടുക്കേണ്ടത് തീരെ തുച്ഛമായ തുക. ജോലി ഉറപ്പ്. കാലാവസ്ഥ അടിപൊളി!
ഇത്രയും വന്പൻ ഓഫർ കണ്ട്, ഗ്രാമമെങ്കിൽ ഗ്രാമം, അങ്ങോട്ടുമാറാം എന്ന് ആരും കരുതേണ്ട. അങ്ങ് ഇറ്റലിയിലാണ്. ഓഫർ ഇറ്റാലിയൻ പൗരന്മാർക്കേയുള്ളൂ.
അതും നാല്പതു വയസിനു താഴെയുള്ളവർക്ക്. ഒരു നിബന്ധനകൂടിയുണ്ട്- ചുരുങ്ങിയത് അഞ്ചുവർഷം അവിടെ താമസിക്കണം.
സാന്റോ സ്റ്റെഫാനോ ഡെ സെസ്സാനിയോ- റോമിനു കിഴക്കുള്ള ഇറ്റാലിയൻ ഗ്രാമം. കുന്നിൻമുകളിലെ അതിസുന്ദരമായൊരിടം. താമസക്കാർ തീരെക്കുറവ്.
തൊഴിലാളികളും കുറവ്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ അനവധി. ഈ സാഹചര്യത്തിലാണ് കൂടുതൽ ആളുകളെ ഇവിടെവന്നു താമസമാക്കാൻ പ്രചോദിപ്പിച്ചുകൊണ്ട് വൻ ഓഫറുകളുമായി അധികൃതർ എത്തിയത്.
റോമിൽനിന്ന് രണ്ടുമണിക്കൂർ നേരത്തെ യാത്രയുണ്ട് ഈ ഗ്രാമത്തിലേക്ക്. ഇവിടത്തുകാർ ഏറെയും പട്ടണങ്ങളിലേക്കു കുടിയേറിയതോടെയാണ് ഗ്രാമത്തിൽ ആളൊഴിഞ്ഞുതുടങ്ങിയത്.
പണം വെറുതെയല്ല
ആദ്യത്തെ മൂന്നു വർഷത്തേക്കുള്ള പ്രതിമാസ ശന്പള ഇനത്തിലാണ് 7200 യൂറോ. ഭക്ഷണ, സർവീസ് മേഖലകളിൽ സ്വന്തം ബിസിനസ് ആരംഭിക്കുന്നവർക്ക് 18,000 യൂറോ ഒറ്റത്തവണയായി ലഭിക്കും. ബാക്കി തുക മറ്റാനുകൂല്യങ്ങളായും നൽകും.
ഇതൊരു ബിസിനസ് അല്ല
ഞങ്ങൾ ആർക്കും ഒന്നും വിൽക്കുന്നില്ല. ഇതൊരു വാണിജ്യനീക്കമല്ല. ഈ ഗ്രാമം നശിച്ചുപോകാതിരിക്കാനുള്ള ആത്മാർഥമായ ശ്രമം മാത്രമാണിത്- മേയർ ഫാബിയോ സാന്താവിച്ച പറയുന്നു.
ഈ ഗ്രാമത്തിൽ ഇപ്പോൾ 115 താമസക്കാരേയുള്ളൂ. അതിന്റെ പകുതിയും പെൻഷൻപറ്റിയവരാണ്. 13 വയസിനു താഴെയുള്ള കുട്ടികൾ ഇരുപതിൽ താഴെമാത്രം.
ഈ നിലയിൽ ഒരു ഗ്രാമത്തിനു മുന്നോട്ടുപോകാനാവില്ല. ഗ്രാമവാസികൾ ഓരോരുത്തരായി നഗരത്തിലേക്കു താമസം മാറ്റിയാൽ വീടുകളും ഗ്രാമംതന്നെയും അന്യംനിന്നുപോകും. ആ അവസ്ഥ ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം.
ഈ പദ്ധതി പ്രഖ്യാപിച്ചതോടെ ആയിരത്തഞ്ഞൂറോളം അപേക്ഷകൾ വന്നതായി മേയർ പറഞ്ഞു. അതിൽ ഏറെയും യുവദന്പതികളാണ്. ആനുകൂല്യം ഈമാസം 15ന് അവസാനിക്കും.
– വി.ആർ.