കൊട്ടാരക്കര: സർക്കാർ ആനുകൂല്യങ്ങൾ സുതാര്യവും നീതിയുക്തമായും അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഗ്രാമസഭകൾ ശക്തിപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ.ബി.എസ്.തിരുമേനി പറഞ്ഞു.
കൊട്ടാരക്കര കില ഇറ്റിസിയിൽ ഉദ്യോഗസ്ഥ പരിശീലനാർഥികളുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ യഥാർഥ ആവശ്യം കൂടി കണക്കിലെടുത്ത് വേണം പ്രാദേശിക വികസന പദ്ധതികൾ തയ്യാറാക്കേണ്ടത്. ഗ്രാമസഭകളിൽ വരുന്ന അഭിപ്രായങ്ങൾ പങ്കെടുക്കുന്ന ന്യൂനപക്ഷത്തിന്റേതായാലും അത് പരിഗണിക്കപ്പെടണം.ഗ്രാമസഭാ തീരുമാനങ്ങൾ ഭരണഘടനാ സാധുതയുള്ളതാണെന്നും തദ്ദേശഭരണ സമിതികൾ ഉൾപ്പെടെ ആർക്കും അത് മാറ്റാൻ കഴിയില്ലെന്നും ഡോ. തിരുമേനി പറഞ്ഞു. ഇപ്പോൾ ഗ്രാമസഭകളിലെ പങ്കാളിത്തം കുറഞ്ഞുവരികയാണ്.
ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.കില ഇറ്റിസി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ ആമുഖപ്രസംഗം നടത്തി. ഫാക്കൽറ്റി അംഗങ്ങളായ എസ്.രമേശൻ നായർ ,ജി.മുരളീധരൻ പിള്ള, വി.പി.റഷീദ് എന്നിവർ പ്രസംഗിച്ചു. പുതുതായി സർവീസിലെത്തിയ 60 ഓളം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പങ്കെടുത്തു.