റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തുടക്കം കുറിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസ് നിലച്ചു. ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് മാസം തോറും കൊടുക്കാമെന്നു പറഞ്ഞിരുന്ന തുക കുടിശികവരുത്തിയതോടാണ് സർവീസ് നിര്‍ത്തിവച്ചത്.
ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്ത സംരംഭമായി ആരംഭിച്ച ഗ്രാമവണ്ടി അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവായിരുന്നു ഉദ്ഘാടനം ചെയ്തത്.മലയോര ഗ്രാമമായ പെരുനാട്ടിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനു പരിഹാരം കാണാൻ ഗ്രാമവണ്ടിക്ക് കഴിഞ്ഞിരുന്നു. ബസ് സർവീസുകൾ ഇല്ലാത്ത മേഖലകളെ ബന്ധിപ്പിച്ചായിരുന്നു യാത്ര.
പെരുനാട് പഞ്ചായത്തിന്റെ സമീപപഞ്ചായത്തുകളായ നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധമായിരുന്നു ബസിന്റെ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്.വെച്ചൂച്ചിറ വഴി ചെമ്പനോലി, മടന്തമൺ, അത്തിക്കയം, പെരുനാട്, കൂടാതെ റാന്നിയിൽനിന്ന് അത്തിക്കയം വഴി പെരുനാട്, തിരികെ പെരുനാട് – അത്തിക്കയം, മടന്തമൺ, ചെമ്പനോലി, വെച്ചൂച്ചിറ, പിന്നീട്, ളാഹ, തുലാപ്പള്ളി, അറയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ പ്രദേശങ്ങളിലൂടെ രാവിലെ മുതൽ വൈകുന്നേരം വരെ ബസ് ഓടിയിരുന്നു. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ബസിന് നല്ല വരുമാനവും ഉണ്ടായിരുന്നു.
വരുമാനം കെഎസ്ആർടിസിക്കുള്ളതാണ്. ജീവനക്കാരുടെ ശന്പളവും കെഎസ്ആർടിസി നൽകും. എന്നാൽ പ്രതിദിന ഡീസൽച്ചെലവ് ഗ്രാമപഞ്ചായത്ത് വഹിക്കണമെന്നതായിരുന്നു വ്യവസ്ഥ.ആദ്യമൊക്കെ പഞ്ചായത്ത് കൃത്യമായി തുക നൽകിയെങ്കിലും സാന്പത്തിക ബാധ്യത ഏറിയതോടെ കുടിശകയായി. നാലുമാസത്തെ പണം ലഭിക്കാതെ വന്നതോടെ കെഎസ്ആർടിസി ഗ്രാമവണ്ടിയും പിൻവലിഞ്ഞു.
ഇതിനിടെ ഒരു മാസത്തെ തുക അടച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.എന്നാല്‍ കുടിശിക തീര്‍ക്കാതെ സർവീസ് നടത്തില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി അധികൃതര്‍.
ഷെഡ്യൂളിനു മെച്ചപ്പെട്ട വരുമാനം ഉള്ളതിനാല്‍ അതില്‍നിന്ന് ഇന്ധനച്ചെലവുകൂടി കണ്ടെത്തി കെഎസ്ആർടിസി സ്വന്തം നിലയിൽ ബസ് ഓടിക്കണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. പഞ്ചായത്ത് അധികൃതരെ ഇതേവരെ ബസിന്റെ വരുമാനത്തിന്റെ കണക്ക് അറിയിച്ചിട്ടുമില്ല.
ഗ്രാമവണ്ടി എത്തിയതോടെ മലയോര മേഖലയിൽ യാത്രാ ക്ലേശത്തിനു തെല്ലൊരു പരിഹാരമായിരുന്നു. സ്കൂൾ കുട്ടികൾക്കടക്കം ബസ് സർവീസ് പ്രയോജനപ്പെട്ടിരുന്നു.സർവീസ് പുനരാരംഭിക്കണമെന്നാവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്. കെഎസ്ആർടിസി പിൻവാങ്ങുകയാണെങ്കിൽ ഇതേറൂട്ടിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും പഞ്ചായത്ത് ആലോചിച്ചുവരികയാണ്.