കോട്ടയം: വഴിയിലെ കുഴികളെ പഴി പറഞ്ഞു മടുത്തിരിക്കുന്നു. ഏറ്റവും ഒടുവിലായി വഴിയിലെ കുഴി ഒരു ജീവൻകൂടി എടുത്തു.
അതിരന്പുഴയിൽ കുഴിയിൽ ബൈക്ക് ചാടിയുണ്ടായ അപകടത്തിൽപ്പെട്ട് 45കാരനായ ഗൃഹനാഥനാണ് ജീവൻ നഷ്ടപ്പെട്ടത്.
അപകടങ്ങൾ പതിവാകുന്പോഴും നിരത്തുകളിലെ കുഴികളുടെ കാര്യത്തിൽ അധികാരവർഗത്തിനു കണ്ടമട്ടില്ല. സംസ്ഥാന പാതകൾ മുഖം മിനുക്കി നിൽക്കുന്പോൾ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
കഞ്ഞിക്കുഴിയിലെ ദുരിതം
കോട്ടയത്തു ഗതാഗതക്കുരുക്കിന്റെ ഒരു പ്രധാന കാരണം കഞ്ഞിക്കുഴിയിലെ കുഴികളാണ്. പ്ലാന്റേഷൻ, മാവിൻ ചുവട്, ട്രാഫിക് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിരവധി കുഴികളുണ്ട്.
അസംപ്ഷൻ സ്ക്വയറിൽ രൂപപ്പെട്ട വലിയ കുഴി നാട്ടുകാർ ചേർന്ന് അടച്ചതു ദിവസങ്ങൾക്കു മുന്പ്. ഇവിടെ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡു പലേടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഇരുചക്രയാത്ര സാഹസികം
ഇരുചക്ര വാഹനയാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുഴികൾക്കെതിരേ രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്.
കോട്ടയം കഞ്ഞിക്കുഴിയിലെ റോഡിലെ കുഴികളിൽ പൂക്കളമിട്ടാണ് യുഡിഎഫ് പ്രതിഷേധിച്ചത്. അടിച്ചിറ – പരിത്രാണ- തെള്ളകം പിഡബ്ല്യൂഡി റോഡിലെ കുഴികളിലെ വെള്ളക്കെട്ടിൽ ജീവനുള്ള മീനുകളെ നിക്ഷേപിച്ചു വലവീശിപ്പിടിച്ചാണ് കേരള കോണ്ഗ്രസ് പ്രതിഷേധിച്ചത്.
കുറവിലങ്ങാട്ട് കാനനപാത
കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി മേഖലയിലെ ഗ്രാമീണ റോഡുകളിലെ യാത്ര കാനനപാതയേക്കാൾ കഷ്ടം. എംസി റോഡിലെ കുഴികൾ കഴിഞ്ഞ ദിവസങ്ങളിൽ അടച്ചത് ആശ്വാസമായിരുന്നു. കുറവിലങ്ങാട് കനാൽ റോഡുകൾ പലതും തകർന്നു.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ചില ഗ്രാമീണ റോഡുകളുടെ നടുഭാഗം മാത്രമാണ് ബാക്കിയുള്ളത്. കടപ്ലാമറ്റം, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിലുംസ്ഥിതി വ്യത്യസ്തമല്ല. ചേർപ്പുങ്കലിൽനിന്ന് ഇട്ടിയപ്പാറ വഴി കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി ഭാഗത്തേക്കു പോകുന്ന റോഡ് കാൽനട പോലും അസാധ്യം.
കുമരകം കുഴികൾ
കുമരകം: ടൂറിസം പാതയായ കോട്ടയം -കുമരകം റോഡ് നീളെ കുഴികളായിട്ടു മാസങ്ങളായി. ഇല്ലിക്കൽ കവലയിലെയും ചെങ്ങളം ഹൈസ്ക്കൂളിന്റെ സമീപത്തെയും അയ്യന്മാന്ത്ര പാലത്തിന്റെ പടിഞ്ഞാറു വശത്തെയും വൻ കുഴികൾ കുമരകം പോലീസ് മെറ്റലും പൊടിയും ഇട്ടു നികത്തി.
കുമരകം ചന്തക്കവല ഭാഗത്തെ ഏതാനും കുഴികളിൽ രാത്രി പേരിനു മാത്രം ആരോക്കെയോ നികത്തി. ഇട്ട മെറ്റലുകൾ റോഡാകെ നിരന്നത് അതിനേക്കാൾ ഭീഷണിയായി. കുമരകം റോഡ് കിഫ്ബിക്കു കൈമാറിയിട്ട് ഒന്നര വർഷമായെന്നാണ് മറുപടി.
തപ്പിത്തടഞ്ഞു പാലാ
പാലാ: പാലായിലെ പ്രധാന റോഡായ റിവർവ്യൂ റോഡ് ആകെ തകർന്നു. സ്റ്റേഡിയം ജംഗ്ഷൻ മുതൽ ആർ വി ജംഗ്ഷൻ വരെ നിരവധി കുഴികളുണ്ട്. അടച്ചെങ്കിലും അതു ഫലവത്തായില്ല. സ്റ്റേഡിയം ജംഗ്ഷനിലും ടൗണ് ബസ് സ്റ്റാൻഡിനും സമീപവും പാലാ വലിയ പാലത്തിനു താഴെയും നിരവധി കുഴികളുണ്ട്.
പാലാ-ഉഴവൂർ റൂട്ടിൽ പല ഭാഗത്തും കുഴികൾ കാണാം. മുത്തോലി-കൊഴുവനാൽ റൂട്ടിൽ കുഴികൾ അടച്ചെങ്കിലും പുതിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
കുണ്ടും കുഴിയും കണ്ടുപോകാം
കാഞ്ഞിരപ്പള്ളി: കുണ്ടും കുഴിയും നിറഞ്ഞ കാഞ്ഞിരപ്പള്ളി – മണിമല റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു.
കാഞ്ഞിരപ്പള്ളി മുതൽ പഴയിടം മണ്ണനാനി വരെ കുഴികൾ മാത്രമാണുള്ളത്. മണിമലയിൽനിന്നു കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്കു പോകാനുള്ള പ്രധാന പാതയാണിത്.
കാഞ്ഞിരപ്പള്ളി – മണിമല – കുളത്തൂർമൂഴി കർഷക സൗഹൃദ പാതയുടെ ഭാഗമാണ് ഈ റോഡ്. കർഷക സൗഹൃദ പാതയുടെ നടപടി പൂർത്തിയാക്കി റോഡ് നിർമാണം ആരംഭിക്കാൻ ഇനിയും കാലതാമസമുണ്ടെന്നുള്ളതിനാൽ മെയിന്റൻസ് ഉൾപ്പെടെയുള്ള താത്കാലിക സംവിധാനങ്ങൾ ഉരുക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാറത്തോട്-പിണ്ണാക്കനാട് റോഡിൽ വിജിലൻസ്
കാഞ്ഞിരപ്പള്ളി: അഞ്ചു മാസം തികയും മുന്പേ പാറത്തോട് – പിണ്ണാക്കനാട് റോഡ് വീണ്ടും തകർന്നു. വിജിലൻസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ തകർന്ന റോഡിന്റെ മൂന്നു കിലോമീറ്റർ ഭാഗത്ത് ഒരു കിലോമീറ്റർ ഇടവിട്ടു സാന്പിളുകൾ ശേഖരിച്ചു.
മൂന്നു തവണ അറ്റകുറ്റപ്പണി നടത്തിയ റോഡിന്റെ മൂന്നു കിലോമീറ്റർ ദൂരമാണ് കുണ്ടും കുഴിയുമായത്. പഴയതിലും മോശമാണ് റോഡ്. ഇളകി കിടക്കുന്ന മെറ്റലുകളിൽ തെന്നിയും കുഴികളിൽ വീണും ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുകയാണ്.
പാലപ്രയിലേക്കു പോകുന്ന റോഡിൽനിന്നു തിരിഞ്ഞ് എട്ടു കിലോമീറ്റർകൊണ്ട് പിണ്ണാക്കനാട് എത്താൻ കഴിയുന്ന ഈ റോഡ് ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡിന്റെ സമാന്തരപാത കൂടിയാണ്.
കുഴിത്തുരുത്തായി കടുത്തുരുത്തി
കടുത്തുരുത്തി: കോട്ടയം – എറണാകുളം, പാലാ – വൈക്കം റോഡൊഴികെയുള്ള ഒട്ടുമിക്ക റോഡുകളും തകർന്നു. കടുത്തുരുത്തി – പെരുവ, വെള്ളൂർ കെപിപിഎൽ – പിറവ് റോഡ് റെയിൽവേ സ്റ്റേഷൻ റോഡ് കുറുപ്പന്തറ – കല്ലറ – വെച്ചൂർ, മാഞ്ഞൂർ സൗത്ത് – നീണ്ടൂർ, ആപ്പാഞ്ചിറ – ആയാംകുടി, കടുത്തുരുത്തി ഐടിസി – റെയിൽവേ ഗേറ്റ് റോഡ്, ആദിത്യപുരം – മാൻവെട്ടം, ഞീഴൂർ – കടുത്തുരുത്തി, കടുത്തുരുത്തി – മഠത്തിപ്പറന്പ് – നീരാളക്കോട് റോഡ് എന്നിങ്ങനെ ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ശോചനീയം.
പിറവം റോഡ് റെയിൽവേ സ്റ്റേഷൻ – കെപിപിഎൽ റോഡ് ടാർ ചെയ്യണമെന്ന ആവശ്യവും ശക്തം. മഴ മാറിയതിനെത്തുടർന്ന് കടുത്തുരുത്തി – പെരുവ, കുറുപ്പന്തറ – കല്ലറ റോഡുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
കുഴിയിൽ വീണു വൈക്കം
വൈക്കം: വൈക്കം – വെച്ചൂർ റോഡിലും വൈക്കം – കൊച്ചു കവല, ഇടയാഴം – കല്ലറ റോഡുകളിൽ മൂടാത്ത കുഴികൾ നിരവധി.
ഇടയാഴം – കല്ലറ റോഡിൽ കൊടുതുരുത്ത്, നാണുപറന്പ് വളവ് തോട്ടാപ്പള്ളി തുടങ്ങിയ ഭാഗത്തെ കുഴികൾ അടച്ചെങ്കിലും റോഡിന്റെ ആരംഭമായ ഇടയാഴം ജംഗ്ഷൻ മുതൽ തോട്ടാപ്പള്ളി കലുങ്ക് വരെയുളള ഭാഗങ്ങളിൽ വലിയ കുഴികളുണ്ട്.
മാരാംവീട് പാലത്തിനു സമീപം, വിയറ്റ്നാം കവല, വളഞ്ഞന്പലം, തോട്ടകം സികെഎം സ്കൂളിനു മുൻവശം തുടങ്ങിയ സ്ഥലങ്ങളിൽ വൻ കുഴികളുണ്ട്.
തോട്ടകം അട്ടാറ, തോട്ടകം ഗവ. റോഡിലെ കുഴികളട വൈക്കം നഗരത്തിലെ കച്ചേരിക്കവല – കൊച്ചുകവല റോഡിൽ കൊച്ചു കവലയിലേക്കു ചേരുന്ന ഭാഗത്തും കുഴികളുണ്ട്. കൊച്ചുകവല- വൈപ്പിൻപടി റോഡിലുമുള്ള കുഴികൾ ഗതാഗതം ദുഷ്കരം.