ലോസ് ആഞ്ചലസ്: ഗ്രാമിയിൽ ചരിത്രം രചിച്ച് അമേരിക്കൻ ഗായിക ബിയോണ്‍സെ. മികച്ച കണ്ട്രി ആല്‍ബത്തിനുള്ള പുരസ്കാരം നേടിയാണ് ബിയോണ്‍സെ ചരിത്രതാരമായത്. ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സെ. ‘കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിലൂടെയാണ് പുരസ്കാര നേട്ടം.
പതിനൊന്ന് നോമിനേഷനുകളുമായെത്തിയ അമേരിക്കൻ ഗായിക മൂന്ന് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച കൺട്രി ആൽബത്തിനു പുറമേ ആൽബം ഓഫ് ദ് ഇയർ, മികച്ച കൺട്രി ഡുവോ/ ഗ്രൂപ് പെർഫോമൻസ് എന്നീ വിഭാഗങ്ങിലും പുരസ്കാരം നേടി. ഇതോടെ ഗ്രാമിയിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന കലാകാരി എന്ന സ്വന്തം റിക്കാർഡും ബിയോൺസെ പുതുക്കി.
ഈ വർഷത്തെ പുരസ്കാരങ്ങളടക്കം 35 ഗ്രാമിയാണ് ബിയോൺസെ നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്യപ്പെട്ടയാളും ബിയോൺസെ തന്നെ. ഇത്തവണത്തേതുൾപ്പെടെ 88 പ്രാവശ്യമാണ് ബിയോൺസെ നോമിനേറ്റ് ചെയ്യപ്പെട്ടത്. നാലു പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിയര ഫെറലും ഗ്രാമിയിൽ തിളങ്ങി. മികച്ച അമേരിക്കാന പെർഫോമൻസ്, മികച്ച അമേരിക്കാന ആൽബം, മികച്ച അമേരിക്കൻ റൂട്ട് പെർഫോമൻസ്, മികച്ച അമേരിക്കൻ റൂട്സ് സോംഗ് എന്നീ കാറ്റഗറികളിലാണ് സിയര പുരസ്കാരം നേടിയത്.
റാപ്പർ കെൻഡ്രിക് ലാമർ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച മ്യൂസിക് വീഡിയോ, മികച്ച റാപ് സോംഗ്, മികച്ച റാപ് പെർഫോമൻസ് എന്നിവയാണ് ലാമർ സ്വന്തമാക്കിയത്. ചാപ്പൽ റോൺ ആണ് ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്. ഗ്രാമിയിൽ ചന്ദ്രിക ടണ്ഠനിലൂടെ ഇന്ത്യയും തിളങ്ങി. ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ് ഓര് ചാന്റ് ആല്‍ബം വിഭാഗത്തിൽ ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ഗ്രാമി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ഫ്ളൂട്ടിസ്റ്റ് വൗട്ടര്‍ കെല്ലര്‍മാനും ജാപ്പനീസ് സെലിസ്റ്റ് എരു മാറ്റ്സുമോട്ടോയ്ക്കും ഒപ്പം നിര്‍മിച്ച ‘ത്രിവേണി’ എന്ന ആല്‍ബമാണ് ചന്ദ്രികയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.