കോഴിക്കോട്: വായ്പാതുക ബാങ്കില്‍ തിരിച്ചടച്ചിട്ടും കാര്‍ഷിക വായ്പയുടെ പേരില്‍ പീഡനമെന്ന് പരാതി . കേരള ഗ്രാമീണ്‍ ബാങ്ക് മാനേജരാണ് ബാങ്ക് നിബന്ധനകള്‍ മറികടന്ന് അടച്ച പണം വീണ്ടും വായ്പയെടുത്തയാളില്‍ നിന്ന് ഈടാക്കുന്നതിന് സമ്മര്‍ദ്ധം ചെലുത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പെടുത്ത വായ്പാ തുകയില്‍ അനധികൃതമായി ആവശ്യപ്പെട്ട തുക പലിശയടക്കം ജാമ്യക്കാരന് നല്‍കിയിട്ടും ബാങ്ക് മാനേജര്‍ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയുമായാണ് മലാപറമ്പ് സ്വദേശി ബാബു രംഗത്തെത്തിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മലാപറന്പിലെ ഗ്രാമീൺ ബാങ്കില്‍നിന്ന് ബാബു 20,000 രൂപ പേഴ്സണല്‍ ലോണ്‍ എടുത്തത്. അന്നത്തെ വനിതാ മാനേജര്‍ പറഞ്ഞതനുസരിച്ചുള്ള തുക അടച്ചുതീര്‍ത്ത് പിന്നീട് ലോണ്‍ ക്ളോസുചെയ്യുകയും ചെയ്തു. എന്നാല്‍ 700 രൂപയോളം ഇനിയും അടയ്ക്കനുണ്ടെന്നുപറഞ്ഞ് വീണ്ടും നോട്ടീസ് വന്നു.
മാനേജര്‍ നിശ്ചയിച്ച തുക പൂര്‍ണമായും അടച്ചുതീര്‍ത്തതിനാല്‍ മേല്‍ തുക അടയ്ക്കാനാകില്ലെന്ന് ബാബു ബാങ്കിന് മറുപടിയും കൊടുത്തു. പി. അഷ്റഫ് എന്നയാളാണ് ബാബുവിന് ജാമ്യം നിന്നിരുന്നത്. അഷ്റഫ് 20,000 രൂപ വായ്പയെടുത്തിരുന്നു.
അദ്ദേഹത്തിന് ബാബുവായിരുന്നു ജാമ്യംനിന്നത്. അഷ്റഫിന്റെ മകന്റെ വിദ്യാഭ്യാസത്തിനായി രേഖ ആവശ്യാര്‍ഥം കൊടിയത്തൂര്‍ വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോള്‍ ജാമ്യക്കാരനായ ബാബുവിന്റെ പേരില്‍ ഒരു റവന്യുറിക്കവറി ഉണ്ടെന്നും തുക അടച്ചാലെ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നും അറിയിച്ചു.
തുടര്‍ന്ന് അഷ്റഫ് ബാബുവിനെ ബന്ധപ്പെടുകയും സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായതിനാല്‍ ബാബുവിന്റെ പേരിലുള്ള ബാക്കി തുക 2000 രൂപയോളം കൊടിയത്തൂര്‍ വില്ലേജ് ഓഫീസില്‍ അടയ്ക്കുകയും ചെയ്തു. വില്ലേജ് ഓഫീസിൽ പണമടച്ചിട്ടും അത് ബാങ്കിന്റെ കണക്കിൽ എത്തിയില്ലെന്നാണ് ബാങ്കിന്റെ നിലപാട്.
എന്നാല്‍ ഇത്രയും തുക ഈടാക്കാന്‍ ഗ്രാമീണബാങ്കിന്റെ തന്നെ മറ്റൊരു ശാഖയുടെ മാനേജരെ മലാപ്പറമ്പ് മാനേജര്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ബാബു പറയുന്നത്. ഒടുവിൽ പീഡനം മൂലം കൊടിയത്തൂര്‍ വില്ലേജ് ഓഫീസില്‍ തുകയടച്ചതിന്റെ വിശദാംശം ലഭിക്കാന്‍ ബാബുവിന്റെ ജാമ്യക്കാരനായ അഷ്റഫ് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്കി.
2016 ഒക്ടോബർ 24ന് പണം ലഭിച്ചതായി കൊടിയത്തുർ വില്ലേജ് ഓഫീസർ മറുപടി നൽകി. മൂന്നു വർഷം മുൻപ് തുക അടച്ചിട്ടും നിരന്തരം പീഡിപ്പിച്ച മലാപറന്പ് ശാഖാ മാനേജർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇടപാടുകാരൻ.