മികവാർന്ന മോഡലുകൾ അണിനിരത്തി ഹ്യുണ്ടായി ജൈത്രയാത്ര തുടരുകയാണ്. വെർണ, ടുസോണ്‍, എലാൻട്ര തുടങ്ങിയ സൗന്ദര്യധാമങ്ങളുടെ ശ്രേണിയിലേക്ക് ഹ്യുണ്ടായിയുടെ മറ്റൊരു മോഡലുകൂടി ചുവടുവച്ചിരിക്കുന്നു. ഹാച്ച്ബാക്ക് കാറുകളിൽ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന സ്വിഫ്റ്റിനെ പോലും വിപണിയിൽ പിന്നിലാക്കിയ ഹുണ്ടായി ഗ്രാൻഡ് ഐ10ന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. ഏറെ പുതുമകളുമായി പുതുവർഷത്തിൽ നിരത്തിലെത്തിയ ഗ്രാൻഡ് ഐ10ന്റെ വിശേഷങ്ങളിലേക്ക്….
പുറംമോടി: ഹ്യൂണ്ടായിയിൽനിന്ന് അടുത്തകാലത്ത് പുറത്തിറങ്ങിയ മറ്റു കാറുകളുടെ ഭംഗിക്ക് അനുസൃതമായി മാറ്റുമുണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് 2017 എഡിഷൻ ഐ10 വിപണിയിൽ അവതരിച്ചത്. 2013ൽ പുറത്തിറക്കിയ ഈ മോഡലിൽ ആദ്യമായി വരുത്തുന്ന മാറ്റങ്ങൾ ഏറെ ആകർഷകമാണ്. ഗ്രില്ലിലും ബംപറിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. കറുത്ത പ്ലാസ്റ്റിക്കിൽ ഹണി കോംബ് ഡിസൈൻ നൽകിയാണ് ഗ്രില്ലും എയർഡാമും തീർത്തിരിക്കുന്നത്. ഇതിനു പുറമേ ബംപറിന്റെ താഴ്ഭാഗത്തായി കൂടുതൽ ഉള്ളിലേക്ക് കയറി ഒറ്റ കണ്‍സോളിൽ ഫോഗ് ലാന്പും എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും നല്കിയിരിക്കുന്നു. ഹെഡ്ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ കാര്യമായ മാറ്റത്തിനു വിധേയമായിട്ടില്ല.
കൂടുതൽ ക്ലാഡിംഗുകൾ നല്കിയതും ക്രോം ഫിനീഷിംഗുള്ള ഡോർഹാൻഡിലുകളും റൂഫിന്റെ വശങ്ങളിലായി പിൻഭാഗം വരെ നീളുന്ന റൂഫ് റെയിലും പുതുതായി രൂപകല്പന ചെയ്ത 14 ഇഞ്ച് അലോയി വീലുകളും വശങ്ങളെ സന്പന്നമാക്കുന്നു.
കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന മാറ്റത്തിനു വിധേയമായത് പിൻഭാഗമാണ്. ഹാച്ച്ഡോറിൽ നല്‍കിയിട്ടുള്ള ഫോൾഡിനു പുറമെ ബംപറിൽ നല്‍കിയിരിക്കുന്ന ബ്ലാക്ക് സ്കേർട്ടും അതിന്റെ ഇരുവശങ്ങളിൽ ചേർത്തിരിക്കുന്ന റിഫ്ലക്ഷൻ ലൈറ്റുകളും പെട്ടെന്നു ശ്രദ്ധയാകർഷിക്കുന്നവയാണ്. റൂഫിലുള്ള ഏരിയലും ബ്രേക്ക് ലൈറ്റുകളുള്ള സ്പോയിലറും മനോഹരമാണ്.
ഉൾവശം: മനോഹരമായി അലങ്കരിച്ച ഡുവൽ ടോണ്‍ ഇന്റീരിയറാണ് പുതിയ ഗ്രാൻഡ് ഐ10ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കിൽ തീർത്തിരിക്കുന്ന വിശാലമായ ഡാഷ്ബോർഡും അതിൽ അങ്ങിങ്ങായി വൃത്താകൃതിയിൽ നല്‍കിയിട്ടുള്ള എസി വെന്റുകളും വളരെ ആകർഷകമാണ്.
സെന്റർ കണ്‍സോൾ ലളിതമാണ്. എഴ് ഇഞ്ച് വലുപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം സെന്റർ കണ്‍സോളിനെ അലങ്കരിക്കുന്നു. എന്നാൽ, ടച്ച് സ്ക്രീനിനു പുറമെ സിസ്റ്റം നിയന്ത്രിക്കുന്നതിനാവശ്യമായ സ്വിച്ചുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ക്ലൈമറ്റ് കണ്ട്രോൾ കണ് സോളിന്റെ വശങ്ങളിലായി എസി നിയന്ത്രിക്കുന്നതിനായി രണ്ടു നോബുകൾ നല്കിയിരിക്കുന്നു. ഗിയർ ലിവറിന്റെ സ്ഥാനം അല്പം ഉയർത്തിയിട്ടുണ്ട്. ഇതിനു ചുറ്റിലുമായി നിരവധി സ്റ്റോറേജ് സ്പേസുകൾ ഒരുക്കിയിട്ടുണ്ട്.
ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലിൽ വോയിസ് കമാൻഡ്, സ്റ്റീരിയോ, ഫോണ്‍ എന്നിവയുടെ കൺട്രോൾ യൂണിറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്നു. മീറ്റർ കണ്‍സോൾ മാറ്റങ്ങൾക്കു വിധേയമായിട്ടില്ല. നാല് അനലോഗ് മീറ്ററും ഒരു ഡിജിറ്റൽ ഡിസ്പ്ലേയും മീറ്റർ കൺസോളിൽ ഉൾക്കൊള്ളുന്നു.
ഫാബ്രിക് ഫിനീഷിംഗുള്ള സീറ്റുകളാണ് ഗ്രാൻഡ് ഐ10ലുള്ളത്. കൂടുതൽ കുഴിവ് നല്കിയിട്ടുള്ളതും പൊക്കം ക്രമീകരിക്കാൻ സാധിക്കുന്നതുമായ സീറ്റുകളാണ് മുന്നിൽ. പിൻനിര യാത്രക്കാർക്കായി എസി വെന്റുകൾ ചേർത്തിരിക്കുന്നതിനു പുറമേ ഉയർന്ന ലെഗ്റൂമും നല്‍കുന്നുണ്ട്.
സുരക്ഷ: ടോപ്പ് എൻഡ് മോഡലിൽ ഡുവൽ എയർബാഗ്, എബിഎസ് ബ്രേക്കിംഗ് സംവിധാനം, ഡോർലോക്കിംഗ് സെൻസർ, ഡിഫോഗർ, പാർക്കിംഗ് സെൻസർ, റിവേഴ്സ് കാമറ എന്നിവ വാഹനത്തിനും യാത്രക്കാർക്കും സുരക്ഷയൊരുക്കുന്നു.
എൻജിൻ: 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.1 ലിറ്റർ ഡീസൽ എൻജിനിലുമാണ് ഗ്രാൻഡ് ഐ10 പുറത്തിറങ്ങുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിൻ 1197 സിസിയിൽ 114 എൻഎം ടോർക്കിൽ 82 ബിഎച്ച്പി പവറും, 1.1 ലിറ്റർ സിആർഡി ഐ ഡീസൽ എൻജിൻ 1047 സിസിയിൽ 140 എൻഎം ടോർക്കിൽ 69 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോൾ എൻജിനിൽ 5 സ്പീഡ് മാന്വവൽ ഗിയർബോക്സിനു പുറമേ 4 സ്പീഡ് ഓട്ടോമാറ്റിക്കും ഇറക്കുന്നുണ്ട്.
3765എംഎം നീളവും 1660 എംഎം വീതിയും 1520 എംഎം ഉയരത്തിനുമൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഗ്രാൻഡ് ഐ10നുണ്ട്.
മൈലേജ്: പെട്രോൾ മോഡലുകൾക്ക് 18.9 കിലോമീറ്ററും ഡീസൽ മോഡലുകൾക്ക് 22.1 കിലോമീറ്റർ മൈലേജുമാണ് കന്പനി അവകാശപ്പെടുന്നത്.
വില: പെട്രോൾ: 4.7-6.55 ലക്ഷം രൂപ
ഡീസൽ: 5.82 – 7.5 ലക്ഷം