കൊച്ചി: പ്രളയം തളർത്തിയ കേരളത്തിന്റെ വാണിജ്യമേഖലയ്ക്ക് ഉണർവേകാൻ പത്ര, ദൃശ്യ മാധ്യമങ്ങൾ കൈകോർത്ത് ഒരുക്കുന്ന ഷോപ്പിംഗ് മാമാങ്കം ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് ’നവംബർ 15 മുതൽ ഡിസംബർ 16 വരെ നടക്കും. സംസ്ഥാനത്തെ ചെറിയ കടകൾ മുതൽ വലിയ വാണിജ്യ സ്ഥാപനങ്ങളുടെവരെ പങ്കാളിത്തം ഉറപ്പാക്കിയ ഷോപ്പിംഗ് ഉത്സവത്തിൽ നാലു കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്.
ഉത്സവകാലത്ത് 1000 രൂപയ്ക്കു പർച്ചേസ് ചെയ്യുന്ന ഏതൊരാൾക്കും ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമാകാമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് സർക്കാരും കുടുംബശ്രീയും ചേർന്ന് ഒരു ലക്ഷം രൂപയുടെ പലിശരഹിത ബാങ്ക് വായ്പ നൽകിവരുന്ന സമയത്ത് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവം വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഇതുവഴി ആയിരം കോടിയുടെ വില്പനയാണു ലക്ഷ്യം വയ്ക്കുന്നത്. വലിയ ഓഫറുകളുമായി വിവിധ കന്പനികളും ഉത്സവത്തിന്റെ ഭാഗമാകും. 25 കോടിയുടെ പരസ്യങ്ങളുടെ ഇടമാണ് മാധ്യമസ്ഥാപനങ്ങൾ ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിനായി കന്പനികൾക്ക് നൽകുന്നത്. മെഗാ നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ ഫ്ളാറ്റും ദിവസേന നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.
ആയിരം രൂപയോ അതിൽ കൂടുതലോ തുകയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. പർച്ചേസ് ചെയ്യുന്പോൾ ലഭിക്കുന്ന വാട്ട്സ് ആപ് നന്പറിലേക്കു സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിന്റെ കോപ്പി അയയ്ക്കണം. ഇതിനു മറുപടിയായി ഉപഭോക്താവിന്റെ പേരും വിലാസവും മൊബൈൽ നന്പറും ആവശ്യപ്പെട്ടുള്ള സന്ദേശം കിട്ടും. ഇത് പൂരിപ്പിച്ച് അയച്ചാൽ നറുക്കെടുപ്പിൽ പങ്കാളിയാകും.
ഗൃഹോപകരങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഗിഫ്റ്റ് ഹാംപറുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷൻ, അസോസിയേഷൻ ഓഫ് റേഡിയോ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ, കേരള മർച്ചന്റ് ചേംബർ ഓഫ് കോമേഴ്സ്, ഡീലേഴ്സ് അസോസിയേഷൻ ഓഫ് ടിവി ആൻഡ് അപ്ലയൻസസ്, സൂപ്പർ മാർക്കറ്റ്സ് അസോസിയേഷൻ ഓഫ് കേരള, റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പിന്തുണയും ഷോപ്പിംഗ് ഉത്സവത്തിനുണ്ട്.
ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി നിർവഹിച്ചു. മലയാള മനോരമ മാർക്കറ്റിംഗ് ഹെഡ് വർഗീസ് ചാണ്ടി, എംഎംടിവി സിഒഒ പി.ആർ. സതീഷ്, മാതൃഭൂമി ഇന്റഗ്രേറ്റഡ് മീഡിയ സൊല്യൂഷൻസ് നാഷണൽ ഹെഡ് കമൽ കൃഷ്ണൻ, ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് രഘു രാമചന്ദ്രൻ, ന്യൂസ് 18 വൈസ് പ്രസിഡന്റ് ബി.കെ. ഉണ്ണികൃഷ്ണൻ, സൂര്യാ ടിവി സെയിൽസ് ഹെഡ് സതീഷ് കുമാർ ദാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.