ഒരിക്കൽ തന്റെ മുത്തശി എഴുതിയ ഡയറിക്കുറിപ്പ് വായിച്ച് കണ്ണീരണിയുകയാണ് നതാലി എന്ന യുവതി. നതാലി കാർലോ മഗ്നോ എന്ന യുവതിയാണ് തന്റെ മുത്തശി രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറി കണ്ടെത്തിയത്. പിന്നാലെ സോഷ്യൽ മീഡിയയിലും ആ ഡയറിക്കുറിപ്പ് പങ്കുവച്ചു.
മുത്തശി ഡയറിയിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്, ‘നതാലിക്ക് ഇന്ന് ഒരാഴ്ച പ്രായമായി. എല്ലാം നന്നായി പോകുന്നു.’ കുറച്ച് പേജുകൾ കഴിയുമ്പോൾ മുത്തശി എഴുതിയ മറ്റൊരു കുറിപ്പുണ്ട്. അതിൽ തനിക്കും നതാലിക്കും ഇടയിൽ ഇന്നൊരു രഹസ്യം പറയാനുണ്ട് എന്നാണ് മുത്തശി പറയുന്നത്.
‘നതാലി ഇന്ന് ആറ് ചുവടുകൾ തനിച്ച് നടന്നു’ എന്നാൽ, അത് ആരോടും പറയാത്ത, തനിക്കും നതാലിക്കും ഇടയിൽ മാത്രമുള്ള രഹസ്യമായിരിക്കും എന്നും മുത്തശി എഴുതി. ‘കാരണം നീ ആദ്യം നടക്കുന്നത് കാണേണ്ടത് നിന്റെ മമ്മിയും ഡാഡിയും ആണ്. നീ ഒരു ഭാഗ്യവതിയായ കുഞ്ഞാണ്. കാരണം, എല്ലാവരും നിന്നെ സ്നേഹിക്കുന്നു’ എന്നും അതിൽ കുറിച്ചിരിക്കുന്നു.
നതാലിയുടെ അച്ഛനും അമ്മയും അവൾ നടക്കുന്നത് കണ്ടു എന്നും മുത്തശനേയും മുത്തശിയേയും വിളിച്ച് അത് കാണിച്ചു തന്നു എന്നും പിന്നീടുള്ള പേജുകളിൽ പറയുന്നുണ്ട്. നതാലി തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചും മുത്തശി ഡയറിയിൽ കുറിച്ചിട്ടുണ്ട്.
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ നതാലി ഷെയർ ചെയ്ത തന്റെ മുത്തശിയുടെ ഡയറിക്കുറിപ്പുകൾ വൈറലായത്. ഇങ്ങനെ ഒരു മുത്തശിയെ കിട്ടാൻ എത്രമാത്രം ഭാഗ്യം ചെയ്തവളാണ് നതാലി എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ.