വരന്തരപ്പിള്ളി: പതിനഞ്ചു വർഷമായി തരിശുകിടന്ന നന്തിപുലം കൊളക്കാട്ടിൽ പൈറ്റുപാടം കതിരണിഞ്ഞപ്പോൾ മൂന്നു വയോധികളോട് തോറ്റുപോയത് മഴയും ചൂടും മാത്രമല്ല, നാട്ടിലെ ചങ്ക് ബ്രോകളുടെ കൃഷിയോടുള്ള സ്വപ്നംകൂടിയാണ്.
നന്തിപുലം സ്വദേശികളായ ചേരായ്ക്കൽ ശാന്ത (75), കൊല്ലിക്കര രുഗ്മിണി (66), എരിയക്കാടൻ ചന്ദ്രിക (67) എന്നിവരാണ് ഒന്നര പതിറ്റാണ്ടായി കൃഷിയിറക്കാതിരുന്ന 60 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. കാർഷിക യന്ത്രങ്ങളുടെ സഹായമില്ലാതെ സ്വന്തം അധ്വാനത്തിൽ ഇവർ നിലമൊരുക്കലും ഞാറുനട്ടതും കൊയ്തതും പൈറ്റുപാടത്തെ കൃഷി വ്യത്യസ്തമാക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള മൂവരുടേയും ത്രിവേണി ജെ.എൽ.ജി. ഗ്രൂപ്പിന്റെ പദ്ധതിയായാണ് നന്തിപുലം കൊളക്കാട്ടിൽ പാടശേഖരത്തിലെ പൈറ്റുപാടത്ത് നെൽകൃഷി നടത്തിയത്. വയോധികമാരുടെ നെൽകൃഷി നേരിട്ട് കാണാനെത്തിയ നന്തിപുലം ഗവ. യുപി സ്കൂളിലെ വിദ്യാർഥികളും പാടത്തെ വിളവെടുപ്പിൽ പങ്കെടുത്തു.
മൂവർ സംഘം പാടിയ കൊയ്തുപാട്ടിന്റെ താളത്തിനൊപ്പമാണ് വിദ്യാർഥികൾ കതിരുകൾ കൊയ്തതും കറ്റ ചുമന്നതും.അവശതകളെല്ലാം മറന്ന് രാവിലെ ആറ് മണിക്ക് പാടത്തെത്തുന്ന ഇവർ വൈകീട്ടാണ് വീട്ടിലേക്ക് തിരിക്കുന്നത്.നല്ല അരിയുടെ ഭക്ഷണം മക്കൾക്ക് നൽകാനും, പണ്ടുകാലത്ത് ശീലിച്ചുവന്ന കൃഷിയിൽ നിന്നും പിൻമാറാതിരിക്കാനുംവേണ്ടിയാണ് ഈ മൂവർ സംഘം നെൽകൃഷി ചെയ്യുന്നത്.
കൊയ്ത്ത് പൂർത്തിയായാൽ പാടത്ത് കപ്പ കൃഷിയും പച്ചക്കറിയും കൃഷി ചെയ്യുമെന്ന്, നെൽകൃഷി നൂറ് മേനി വിളവ് തന്നതോടെ വർഷം മുഴുവനും സമ്മിശ്ര കൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണെന്നും ഇവർ പറഞ്ഞു .പൈറ്റുപാടത്ത് നടന്ന കൊയ്തുത്സവം ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി. തങ്കം ഉദ്ഘാടനം ചെയ്തു.