ചെറുവള്ളത്തില്‍ ഹൗസ് ബോട്ട്ഇടിച്ചതിന്റെ ആഘാതത്തില്‍ വൃദ്ധയും പേരക്കുട്ടിയും വീണത് നിലയില്ലാക്കയത്തിലേക്ക് ! ഭയപ്പെടാതെ ഒരു കൈയ്യില്‍ വല്യമ്മച്ചിയെയും മറുകൈയില്‍ വള്ളവുമായി കരയിലേക്ക് നീന്തി താരമായി ആറാംക്ലാസുകാരന്‍

അമ്പലപ്പുഴ (ആലപ്പുഴ) : ആറാംക്ലാസുകാരന്‍ റോജിന്‍ ഇപ്പോള്‍ ആലപ്പുഴക്കാരുടെ ലിറ്റില്‍ ഹീറോയാണ്.മുങ്ങിത്താഴ്ന്ന വല്യമ്മച്ചിയെ മരണത്തിന് വിട്ടുകൊടുക്കൊതെ സധൈര്യം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന റോജിന്‍ എന്ന പതിനൊന്നുകാരന് നിറകൈയടി നല്‍കുകയാണ് സമൂഹം. ആറു ദിവസം മുന്‍പു മരിച്ച കരിച്ചിറ വാളേക്കാട് വീട്ടില്‍ വി.ജെ.ജോസഫിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴാണു ജോസഫിന്റെ ഭാര്യ മറിയാമ്മയും (60) പുന്നപ്ര യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പേരക്കുട്ടി റോജിനും (11) ഇന്നലെ വള്ളംമുങ്ങി അപകടത്തില്‍പ്പെട്ടത്.

വല്യപ്പച്ചനെ അടക്കിയ നര്‍ബോനപുരം പള്ളിയിലേക്കായിരുന്നു യാത്ര. പൂകൈതയാറിന്റെ അക്കരയുള്ള പള്ളിയിലേക്ക് മിക്കവാറും വള്ളത്തിലാണ് ഇവരുടെ യാത്ര. ജോസഫിന്റെ സംസ്‌കാരം കഴിഞ്ഞ അന്ന് മുതല്‍ പേരക്കുട്ടി റോജിനൊപ്പമായിരുന്നു മറിയാമ്മ തന്റെ പ്രിയതമന്റെ കുഴിമാടത്തിലേക്ക് പോയിരുന്നത്. ശനിയാഴ്ച്ച രാവിലെ രാവിലെ 6.45 നു പുറപ്പെട്ട ഇവരുടെ ചെറുവള്ളത്തില്‍ വലിയ ഹൗസ് ബോട്ട് ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. വള്ളം മറിഞ്ഞ് ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു. രണ്ട് പേര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും മറിയാമ്മയുടെ കാലുകളില്‍ സാരി കുരുങ്ങിയതോടെ മുങ്ങാന്‍ തുടങ്ങി. റോജിന്‍ ഇടംകൈ വള്ളത്തിലും വലംകൈ അമ്മൂമ്മയുടെ കൈയിലുമായി പിടിച്ചു കരയിലേക്കു നീന്താന്‍ തുടങ്ങി.

കരയിലെത്തിയ ശേഷം വീട്ടിലേക്കു മടങ്ങിയ ഇരുവരും വസ്ത്രം മാറി അതേ വള്ളത്തില്‍ വീണ്ടും പള്ളിയിലേക്കു പുറപ്പെട്ടു. ‘എനിക്കു നീന്തി രക്ഷപ്പെടാം. അമ്മൂമ്മയെക്കൂടി കരയ്ക്കെത്തിക്കണമെന്നായിരുന്നു ആഗ്രഹം’മറിയാമ്മയോടു ചേര്‍ന്നുനിന്നു റോജിന്‍ പറഞ്ഞു. പുന്നപ്ര തെക്ക് പുത്തന്‍പുരക്കല്‍ റോബര്‍ട്ടിന്റെ മകനാണു റോജിന്‍. റോജിന്റെ മാതാവ് ജിന്‍സിയുടെ അമ്മയാണു മറിയാമ്മ. ഈയൊരു സംഭവത്തോടെ നാട്ടില്‍ റോജിന് വീരപരിവേഷമായിരിക്കുകയാണ്.

Related posts