മുത്തശി പാൽപ്പൊടിയിൽ വൈൻ കലർത്തി നൽകിയതിനെ തുടർന്ന് നാല് മാസം പ്രായമായ കുഞ്ഞ് അബോധാവസ്ഥയിൽ. പാൽ തയാറാക്കുന്നതിനിടയിൽ മുത്തശിക്ക് വൈൻ കുപ്പിയും കുഞ്ഞിന്‍റെ പാൽക്കുപ്പിയും തമ്മിൽ മാറിപ്പോയതാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തെക്കൻ ഇറ്റാലിൻ നഗരമായ ബ്രിൻഡിസിയിലെ ഫ്രാങ്കാവില്ല ഫോണ്ടാനയിലാണ് സംഭവം. പാൽ തയാറാക്കിയശേഷം കുടിക്കാനായി മുത്തശി കുഞ്ഞിന് കുപ്പി നൽകുകയായിരുന്നു. എന്നാൽ വൈൻ കലർന്ന മിശ്രിതം കുഞ്ഞ് അല്പം കുടിച്ചതിന് ശേഷം പിന്നീട് കുടിക്കാൻ വിസമ്മതിച്ചു.
പിന്നാലെ പാൽക്കുപ്പിയിൽ വൈൻ കലർന്നിട്ടുണ്ടെന്ന് മനസിലായ മുത്തശി കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.