ഒരു അഞ്ചു മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ തങ്ങളുടെ മുത്തച്ഛനെ ജീവനോടെ മണ്ണിലടക്കുമായിരുന്നല്ലോ എന്നുള്ള ഞെട്ടലിലാണ് മിഗ്ക്വിവാന്‍ എന്ന 78 കാരന്റെ മക്കളും കൊച്ചുമക്കളും. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുള്ള യുജിംഗ് എന്ന ഗ്രാമത്തിലാണ് ഏറെ രസകരമായ സംഭവം അരങ്ങേറിയത്.
ദീര്‍ഘനാളായി കാന്‍സര്‍ മൂലം അവശനിലയിലായിരുന്ന മിഗ് ക്വിവാന്‍ കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ഒരു അനക്കവുമില്ലാതെ കാണപ്പെട്ടത്. ഇയാളുടെ മൂത്തമകന്‍ ഹുവാംഗ് അച്ഛനെ പലപ്രാവശ്യം തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. അയല്‍വാസികളും ബന്ധുക്കളുമെല്ലാമെത്തി മുത്തച്ഛന്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളായിരുന്നു.
വീടിനോട് ചേര്‍ന്ന പറമ്പില്‍ തന്നെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുത്തു. ചൈനീസ് ആചാരപ്രകാരം വീടും പരിസരവുമെല്ലാം അലങ്കരിച്ചു. ഒടുവില്‍ ബന്ധുക്കള്‍ ചേര്‍ന്ന് ക്വിവാനെ അടക്കാനുള്ള ശവപ്പെട്ടിയുമെത്തിച്ചു. മക്കളും കൊച്ചുമക്കളും കണ്ണീരോടെ തങ്ങളുടെ പ്രിയ മുത്തച്ഛനെ പെട്ടിയിലടച്ചു. ഇനി കുറച്ച് ചടങ്ങുകള്‍കൂടി ബാക്കിയുണ്ട് അത് കൂടി കഴിഞ്ഞാല്‍ ക്വിവാന്‍ മണ്ണിനടിലിലാവും…
അങ്ങനെയിരിക്കെയാണ് എവിടെനിന്നോ ഒരു തട്ടും മുട്ടും അവിടെ കൂടിയിരുന്നവരുടെ കാതിലെത്തുന്നത്. എവിടെനിന്നാണ് ഈ ശബ്ദം കേള്‍ക്കുന്നതെന്ന് അറിയാതെ ചുറ്റിനും നോക്കിയ ആളുകള്‍ ഒടുവില്‍ ആ സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു. തട്ടും മുട്ടും ശവപ്പെട്ടിയില്‍ നിന്നാണ്. മൂത്തമകന്‍ ഹവാംഗ് ഉടന്‍ തന്നെ പെട്ടി തുറന്നു. പെട്ടിയുടെ മൂടി മാറ്റിയതും വിയര്‍ത്തു കുളിച്ച മുത്തച്ഛന്‍ ചോദിച്ചു: ’ഇവിടെന്താ പരിപാടി?’ ആകെപ്പാടെ അന്തംവിട്ടു പോയെ ആളുകളെല്ലാം പിന്നെ ഒന്നും നോക്കിയില്ല അപ്പൂപ്പനെ എടുത്ത് പുറത്ത് ഇരുത്തി കാറ്റ് കൊള്ളിച്ചു. ഒരല്‍പം ക്ഷീണമുണ്ടെങ്കിലും ക്വിവാന്‍ ഇപ്പോള്‍ ആരോഗ്യവാനാണെന്നാണ് മകന്‍ പറയുന്നത്.