താനറിയാതെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്ന് മനസ്സിലായപ്പോള്‍ അഹമ്മദാബാദ് ധരംനഗറിലെ നിമിഷ ഷാ എന്ന 57കാരി അമ്പരന്നു പോയി.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്നു. ബാലന്‍സ് തീര്‍ന്നതോടെയാണ് നമ്പര്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി നിമിഷ ഷാ തിരിച്ചറിയുകയായിരുന്നു. യുപിഐ, പേടിഎം എന്നിവ വഴിയാണ് ഇടപാടുകള്‍ നടന്നതെന്ന് കണ്ടെത്തിയ നിമിഷ ഷാ തുടര്‍ന്ന് പോലീസിന് പരാതി നല്‍കുകയും ചെയ്തു.
സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ 20 വരെയുള്ള കാലയളവിലാണ് പണം പിന്‍വലിച്ചത്. മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്താണ് ഇടപാട് നടന്നതെന്ന് പൊലീസ് കണ്ടെത്തി.
മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടിയത് ചെറുമകനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സൈബര്‍സെല്‍ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന്‍ പബ്ജി, ലുഡോ തുടങ്ങിയ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനാണ് പണം തട്ടിയെടുത്തതെന്ന് 19കാരന്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.