കട്ടപ്പന: ഓണാഘോഷങ്ങൾക്കായി തമിഴ്നാട്ടിലെ മുന്തിരിത്തോട്ടങ്ങളിൽ മലയാളി സന്ദർശകരുടെ തിരക്കേറി. ഗൂഡല്ലൂരിലെ പാടങ്ങളിലേക്ക് ഒരാഴ്ചയിലധികമായി സഞ്ചാരികളുടെ ഒഴുക്കാണ്.
ന്യായവിലയ്ക്ക് മുന്തിരി വാങ്ങാമെന്നതാണ് ഇവിടത്തെ പ്രത്യേകത. കിലോഗ്രാമിനു 40 മുതൽ 50 രൂപവരെയാണ് ഇവിടെ വില. ഇതേമുന്തിരിക്ക് കേരളത്തിൽ 100 രൂപയിലധികമാണ് വില. തോട്ടങ്ങളിൽ അപ്പപ്പോൾ വിളവെടുക്കുന്ന മുന്തിരി വാങ്ങാമെന്നതും സന്ദർശകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഓണാഘോഷത്തിനായി പലരും അതിർത്തികടന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉത്രാടം മുതൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
റോസ് മുന്തിരിയാണ് ഇവിടങ്ങളിൽ കൂടുതലായും കൃഷി ചെയ്യുന്നത്. ഒരുതോട്ടത്തിൽതന്നെ പച്ചമുന്തിരിക്കുലകളും റോസ് മുന്തിരിയും ഇടതൂർന്നു കായ്ച്ചുകിടക്കുന്നത് സന്ദർശകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്നു. പൂക്കൾ മുതൽ വിളവെടുപ്പിനു പാകമായവ വരെയുള്ള മുന്തിരിവള്ളികളുടെ വളർച്ചയുടെ വിവിധഘട്ടങ്ങളും സന്ദർശകർക്ക് കാണാനാകും.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു വാഗമണ്‍, ഇടുക്കി, മൂന്നാർ, തേക്കടി, രാമക്കൽമേട് എന്നിവടങ്ങളിലെത്തിയ സന്ദർശകരിൽ ഭൂരിഭാഗവും കന്പത്തെയും ഗൂഡല്ലൂരിലെയും മുന്തിരിത്തോട്ടങ്ങൾ സന്ദർശിച്ചാണ് മടങ്ങിയത്.
മുന്തിരി വാങ്ങാനും തോട്ടങ്ങളിൽനിന്നു ചിത്രങ്ങളെടുക്കാനും സഞ്ചാരികളുടെ തിരക്കാണിവിടെ. കുടുംബമായാണ് ഭൂരിഭാഗം ആളുകളും ഇവിടെ എത്തുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ തിരക്കേറിയിട്ടുണ്ട്.
സഞ്ചാരികളുടെ തിരക്കേറിയതോടെ കന്പത്തെയും തേനിയിലെയും വ്യാപാര മേഖലയ്ക്കും ഉണർവായിട്ടുണ്ട്.