എന്നെ സംശയമുണ്ടോ സാറേ..? പോലീസിനേയും വട്ടംചുറ്റിച്ച് ഗ്രീഷ്മ; എസ്ഐയെ തുടര്‍ച്ചയായി വിളിച്ചു, കരഞ്ഞു; തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം

തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം.

ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസിന് മുന്നിൽ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്തദിവസം തന്നെ സമനില വീണ്ടെടുത്തു.

തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.യെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു.

അങ്ങനെയുണ്ടെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു.

ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് എസ്.ഐ. എസ്.എസ്.സജി പറഞ്ഞു.

അതിനാൽ പിന്നീട് രണ്ടു തവണ കൂടി ഗ്രീഷ്മ വിളിച്ചപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവസാനം വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞാണ്.

ഈ ദിവസങ്ങളിൽ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലായിരുന്നു പാറശ്ശാല പോലീസ്.

അച്ഛൻ, അമ്മ, അമ്മാവൻ നിർമൽ, അമ്മയുടെ സഹോദരിയുടെ മകൾ പ്രശാന്തിനി എന്നിവരുടെ മൊഴിയെടുത്തിരുന്നു.

പ്രശാന്തിനിയാണ് ആയുർവേദ മരുന്ന് വാങ്ങിനൽകിയതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് കോകിലാരിഷ്ടമാണ് കഴിച്ചതെന്നാണ്. ആ കുപ്പി ചോദിച്ചപ്പോൾ ആക്രിക്കാരന് കൊടുത്തെന്നായിരുന്നു മറുപടി.

പിന്നീട് പറഞ്ഞത് കദളീകൽപ്പം എന്ന മരുന്നെന്നാണ്. വാങ്ങിയത് പാറശ്ശാലയിലെ കടയിൽ നിന്നാണെന്നും പോലീസിന് പ്രശാന്തിനി മൊഴി നൽകി.

ഒഴിഞ്ഞ മരുന്നുകുപ്പി അമ്മാവൻ നിർമൽ ജോലിസ്ഥലത്ത് കറി കൊണ്ടുപോയെന്നും വിശദീകരിച്ചു.

നിർമൽ വരുന്നതുവരെ കാത്തുനിന്ന പോലീസ് കുപ്പി ശേഖരിച്ചു. പ്രശാന്തിനി പറഞ്ഞ കടയിലെത്തി തെളിവെടുത്തു.

കദളീകൽപ്പം വരുന്ന കുപ്പി ഇതല്ലെന്നും തന്റെ മെഡിക്കൽ സ്റ്റോറിൽ ഈ രസായനം വിൽക്കാറില്ലെന്നും കടക്കാരൻ ഉറപ്പിച്ച് പറഞ്ഞു.

അതോടെ പ്രശാന്തിനി മൊഴി മാറ്റി. കന്നുമാമ്മൂട്ടിലെ കടയിൽ നിന്നാണെന്നായി. അവിടെയും ഇല്ലെന്ന് അറിഞ്ഞതോടെ പുത്തൻകടയിലെ മെഡിക്കൽ സ്റ്റോർ എന്നായി.

കദളീകൽപ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പോലീസിന് ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കിട്ടിയതല്ല ഷാരോണിന് നൽകിയ കഷായത്തിന്റെ കുപ്പിയെന്ന് മനസിലായി.

പിന്നീട്, ഗ്രീഷ്മയാണ് തന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പോലീസിന് മൊഴി നൽകി.

ഞായറാഴ്ച ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഷാരോണിന് നൽകിയത് കളനാശിനിയാണെന്ന് കണ്ടെത്തിയത്.

ഇതിന്റെ കുപ്പി ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കണ്ടെത്തുകയും ചെയ്തു. പാറശ്ശാല പോലീസിന്റെ അന്വേഷണവും തെളിവെടുപ്പുമാണ് കേസിന്റെ ഗതിമാറ്റിയത്.

ഗ്രീഷ്മ ഉൾപ്പെടെയുള്ളവരുടെ മൊഴികളിൽ വൈരുധ്യം മനസ്സിലാക്കിയതോടെ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാനും തീരുമാനിച്ചു.

സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജെ.ജോൺസന്റെ നേതൃത്വത്തിൽ സംഘത്തിൽ പാറശ്ശാല സി.ഐ.യും എസ്.ഐ.യുമടക്കം പത്ത് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

 

Related posts

Leave a Comment