ജാമി എന്ന ഒന്‍പതുവയസുകാരിയുടെ കാമറയിൽ പതിഞ്ഞ ഒരു ചിത്രം ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. അപൂർവമായ “പിങ്ക് പുൽച്ചാടി’ യെയാണു ജാമി തന്റെ കാമറയിൽ പകർത്തിയത്. പച്ചപ്പുൽച്ചാടിയെ മാത്രം കണ്ടു ശീലമുള്ളവർക്കു പിങ്ക് നിറത്തിലുള്ള പുൽച്ചാടി കൗതുകമുണർത്തുന്നതായി.
യഥാർഥത്തിൽ “പിങ്ക് പുൽച്ചാടി’ എന്നൊരു വിഭാഗമില്ല. ജനിതക പരിവർത്തനം കാരണം പുൽച്ചാടിയുടെ സ്വാഭാവിക നിറമായ പച്ച നഷ്ടപ്പെടുകയും പിങ്ക് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. യൂറോപ്പിലും ഏഷ്യയിലും ഇവ കാണപ്പെടുന്നു.
“ഞാൻ ഒരു പിങ്ക് പുൽച്ചാടിയെ കണ്ടെത്തി.
വളരെ അപൂർവമായ പുൽച്ചാടിയെ കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്…’ ചിത്രം പങ്കുവച്ചുകൊണ്ട് ജാമി പറഞ്ഞു. ആറര വയസുള്ളപ്പോൾ അച്ഛന്റെ നിക്കോൺ ഡി500 കാമറയിൽ തുടങ്ങിയതാണു ജാമിയുടെ ഛായാഗ്രഹണയാത്ര. ജനശ്രദ്ധയാകർഷിച്ച നിരവധി ചിത്രങ്ങൾ ജാമി ഇതിനകം പകർത്തിയിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഈ ചെറുപ്രായത്തിൽതന്നെ തേടിയെത്തുകയുംചെയ്തു. പ്രകൃതി-പരിസ്ഥിതി ദൃശ്യങ്ങളാണു ജാമി അധികവും പകർത്തിയിട്ടുള്ളത്.