ചിറ്റൂർ: അനധികൃത ഫ്ളെക്സുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നാട് വീർപ്പുമുട്ടുന്പോൾ അതിന്റെ പുനരുപയോഗം എങ്ങനെയാവമണമെന്ന മാതൃകയുമായി ഗവണ്മെന്റ് കോളേജ് ചിറ്റൂർ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ.പ്രാരംഭ ഘട്ടമായി സ്വന്തമായി തുന്നിയെടുത്ത ഗ്രോ ബാഗുകളുപയോഗിച്ചു പട്ടഞ്ചേരി നന്ദിയോട് പ്രദേശത്തെ 30 വീടുകളിൽ അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു കഴിഞ്ഞു ഈ സംഘം.
തുടർന്നുള്ള ദിവസങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കും. ഓരോ വീടിനും മുളക്, തക്കാളി, വഴുതിന, വെണ്ട തുടങ്ങിയവയുടെ ഇരുപത് വീതം തൈകൾ ഉൾപ്പെടുത്തിയാണ് തോട്ടനിർമ്മാണം. മുനിസിപ്പാലിറ്റി അനുവദിച്ച ജൈവവളം, പട്ടഞ്ചേരി പാടശേഖര സമിതിയിൽ നിന്നും ലഭിച്ച തൈകൾ, നാട്ടുകാരുടെ സഹകരണം ഇവയെല്ലാം ചേർന്ന് ജനകീയമായാണ് യൂണിറ്റുകൾ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഫ്ളെക്സുകളിൽ നിന്ന് ഗ്രോ ബാഗുകൾ, സ്വന്തമായി തൈപ്പിച്ചെടുക്കുന്ന തുണിസഞ്ചികൾ, നിർമ്മിച്ചെടുക്കുന്ന ഗ്രോ ബാഗുകളുപയോഗിച്ചു അടുക്കളത്തോട്ടങ്ങൾ, ഫ്ളാഷ് മൊബ്, തെരുവുനാടകങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ചിത്രപ്രദർശനം, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തതിയ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണ പരിപാടിയായ എന്റെ ചിറ്റൂർ, സുന്ദര ചിറ്റൂർ എന്നതിന് കീഴിലുള്ള ഗ്രോ ബാഗ് നിർമ്മാണ പദ്ധതിയാണ് ’ഫ്രീഡം ഫ്രം ഫ്ളക്സ്’ഫുട്ബോൾ ലോകകപ്പ് ഫ്ളക്സ്കളും, രാഷ്ട്രീയ ഫ്ളക്സുകളും ഇപ്പോൾ പച്ചക്കറിത്തൈകൾ നാട്ടുവളർത്താനുള്ള ഗ്രോ ബാഗുകൾ ആയിക്കഴിഞ്ഞു ഇവരുടെ കൈകളിലൂടെ.
മാലിന്യമായി മാറിയ അനധികൃത ഫ്ളെക്സുകൾ ശേഖരിക്കാനും, അത് ഗ്രോ ബാഗുകളാക്കി തുന്നിയെടുക്കാനും പ്രത്യേക സംഘങ്ങൾ ഇവർക്കുണ്ട്.ഉണ്ടാക്കിയെടുത്ത ഗ്രോ ബാഗുകൾ ഉപയോഗിച്ച് ദത്തുഗ്രാമത്തിലും, കോളജിലും, ആവശ്യക്കാർക്കും വിതരണംചെയ്യുന്നു.
ഗ്രോ ബാഗ് എന്ന ആശയം നൽകി പാലക്കാട് ജില്ലാ കോർഡിനേറ്ററും പ്രോഗ്രാം ഓഫീസറുമായ കെ. പ്രദീഷും പ്രോഗ്രാം ഓഫീസർ സി. ജയന്തി, വിദ്യാർഥികളായ എസ്.സുഭിഷ, യു. ശ്രീക്കുട്ടി, അഭിലാഷ്, ഫാത്തിമ സഫ്ന, എസ്. പ്രമോദ്, കെ. വൈഷ്ണ, സായ് പ്രശാന്ത്, എം. ബി. ഷാബിർ എന്നിവരും നേതൃത്വം നൽകുന്നു.