സാറാ ഡേവിഡ് മാത്രമല്ല, എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും ഡേവിഡ് നൈനാനെപ്പോലെ ഒരു അച്ഛനെ കിട്ടാൻ…. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുകളുടെ ആവശ്യകതയാണത്. അത്തരമൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’. കംപ്ലീറ്റ്, സ്റ്റൈലിഷ്, ആക്ഷൻ, ത്രില്ലർ, എന്‍റർടെയ്നർ. മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന പുതുമുഖ സംവിധായകൻ ഹനീഫ് അദേനിയിലൂടെ മമ്മൂട്ടി വിജയ വഴിയിൽ തിരിച്ചെത്തുന്ന ചിത്രമാകും ദ് ഗ്രേറ്റ് ഫാദർ.
സാറയ്ക്ക് (ബേബി അനിഘ) ഉണ്ടാകുന്ന ദുരന്തവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ത്രില്ലിംഗ് മൂഡിൽ ചിത്രം അവതരിപ്പിക്കുന്നത്. ആദ്യ പകുതി കുടുംബത്തിനുള്ളിലും രണ്ടാം പകുതി സസ്പെൻസ് നിറച്ചും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുകയാണ് സംവിധായകൻ. സാറയ്ക്കു വേണ്ടി അച്ഛൻ ഡേവിഡ് നൈനാൻ (മമ്മൂട്ടി) പ്രതികാരം ചെയ്യാനിറങ്ങുന്നതോടെ ചിത്രം ത്രില്ലിംഗ് അനുഭവമാകുന്നു. മികച്ച അഭിനയ മുഹൂർത്തങ്ങളുമായി ആദ്യ പകുതിയിൽ പ്രേക്ഷകരെ കൈയിലെടുക്കുന്നത് ബേബി അനിഘ തന്നെയാണ്. സാറ എന്ന വിദ്യാർഥിയുടെ വേഷം അനിഘയുടെ കൈയിൽ ഭദ്രമായിരുന്നു. ചില രംഗങ്ങളിൽ അസാമാന്യ അഭിനയപാടവം കാഴ്ചവച്ച് അനിഘ താൻ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാണെന്ന് തെളിയിച്ചു കഴിഞ്ഞു.
എന്നാൽ രണ്ടാം പകുതിയിൽ പ്രതികാരത്തിന് ഡേവിഡ് ഇറങ്ങുന്നതോടെ ദ് ഗ്രേറ്റ് ഫാദർ മമ്മൂട്ടി ചിത്രമായി മാറുകയാണ്. സ്റ്റൈലിഷ് ഗെറ്റപ്പിൽ നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിക്കൊപ്പം ഡിസിപി ആൻഡ്രൂസ് ഈപ്പനായി തമിഴ് നടൻ ആര്യയും ചിത്രത്തിലുണ്ട്. ഒരേ സംഭവത്തിൽ രണ്ടു വ്യത്യസ്ത വഴികളിലൂടെയുള്ള ഇരുവരുടെയും അന്വേഷണമാണ് രണ്ടാം പകുതിയിൽ സസ്പെൻസ് നിറയ്ക്കുന്നത്. സസ്പെൻസ് അവസാനം വരെ നിലനിർത്തുന്ന ചിത്രം കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ശക്തമായ സന്ദേശവും നൽകുന്നുണ്ട്.
സമീപഭാവിയിലൊന്നും മമ്മൂട്ടിയെ ഇത്ര സ്റ്റൈലിഷായി ഒരു ചിത്രത്തിലും അവതരിപ്പിച്ചിട്ടുണ്ടാകില്ല. ലുക്കിലും കോസ്റ്റ്യൂമിലും ഡേവിഡ് നൈനാനായി മമ്മൂട്ടി നിറഞ്ഞാടുകയാണ്. വികാരനിർഭരമായ രംഗങ്ങളിൽ മമ്മൂട്ടിയുടെ അസാമാന്യ അഭിനയപാടവം ഗ്രേറ്റ് ഫാദറിലും കാണാനാകും. തെന്നിന്ത്യൻ സുന്ദരി സ്നേഹയാണ് ഡേവിഡിന്‍റെ ഭാര്യയായ മിഷേലായി ചിത്രത്തിലെത്തുന്നത്. ഡേവിഡും ആൻഡ്രൂസും സാറയും നിറഞ്ഞാടുന്ന ചിത്രത്തിൽ മിഷേലിന് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും തന്‍റെ ഭാഗം സ്നേഹ മനോഹരമാക്കി. കലാഭവൻ ഷാജോണ്‍, സന്തോഷ് കീഴാറ്റൂർ, മാളവിക മോഹനൻ, മിയ ജോർജ്, കലാഭവൻ പ്രജോദ്, സോഹൻ സീനുലാൽ, ഐ.എം.വിജയൻ എന്നിവരെല്ലാം തങ്ങൾക്ക് ലഭിച്ച വേഷം മനോഹരമാക്കി.
ചിത്രത്തിന്‍റെ ത്രില്ലിംഗ് മൂഡിന് സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതവും റോബി രാജ് വർഗീസിന്‍റെ ദൃശ്യങ്ങളും കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്. മനോഹര ഗെറ്റപ്പിൽ ഡേവിഡ് എത്തുന്പോഴൊക്കെ പശ്ചാത്തലസംഗീതത്തിന്‍റെ പ്രാധാന്യം പ്രേക്ഷകന് അനുഭവപ്പെടും. ത്രില്ലർ ചിത്രത്തിന്‍റെ ഓരോ ഫ്രെയിമുകളും അനശ്വരമാക്കിയ റോബി പ്രേക്ഷകനെ സ്ക്രീനിൽ നിന്നും കണ്ണെടുപ്പിക്കില്ല. ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ഗോപിസുന്ദറും അഭിനന്ദനം അർഹിക്കുന്നു. കന്നി ചിത്രത്തിന്‍റെ രചനയിലൂടെ തന്‍റെ വഴി സംവിധാനം മാത്രമല്ലെന്നും ഹനീഫ് തെളിയിച്ചിരിക്കുകയാണ്. ത്രില്ലർ ചിത്രത്തിലെ നായകന്‍റെ ഹീറോ ഇമേജിന് കോട്ടം തട്ടാതെ രചന നിർവഹിക്കുന്നതിൽ സംവിധായകൻ നൂറു ശതമാനം വിജയിച്ചു.
ഗ്രേറ്റ് ഫാദർ ചില ഓർമപ്പെടുത്തലുകൾ കൂടിയാണ്. പെണ്‍കുട്ടികളുള്ള മാതാപിതാക്കൾ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എന്തൊക്കെയായിരിക്കണമെന്ന് ചിത്രം പറയുന്നുണ്ട്. സ്ത്രീയെ പ്രത്യേകിച്ച്, പെണ്‍കുട്ടികളെ പൊതുസമൂഹം ഏത് വിധത്തിൽ ശ്രദ്ധിക്കണമെന്നും ചുറ്റമുള്ള അപകടങ്ങൾ എന്തൊക്കെയെന്നും ചിത്രം ഓർമപ്പെടുത്തും.
ജോബിൻ സെബാസ്റ്റ്യൻ