കൊച്ചി: നവാഗതനായ ഹനീഫ് അദാനി മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ ഗ്രേറ്റ് ഫാദർ ഈ മാസം 30 നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ഒരു രംഗം പുറത്തുവന്നത് ആദ്യമൊരു അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും ഇപ്പോൾ പതിന്മടങ്ങു ആവേശത്തിൽ തന്നെയാണ് ലോകമെങ്ങുമുള്ള മമ്മൂട്ടി ആരാധകർ. പുറത്തുവന്ന രംഗം കണ്ടതോടെ കുടുംബ പ്രേക്ഷകർ കൂടുതലായി സിനിമയെ ഏറ്റെടുക്കും എന്ന വിശ്വാസമാണ് ഫാൻസിന് .
ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഇതിനിടെ അമേരിക്കയിലെ മമ്മൂട്ടി ആരാധകർ പരിപൂർണമായും വിദേശികളായ മമ്മൂട്ടി ഫാൻസിനെ അണിനിരത്തി നിർമ്മിച്ച ടീസർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ് .
നേരത്തെ ചിത്രത്തിന്റെ അണിയറ ശില്പികൾ പുറത്തു വിട്ട ടീസർ ഒരു കോടി വ്യൂവേഴ്സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. ഈ ഒഫീഷ്യൽ ടീസറിനെ അനുകരിച്ചാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ അമേരിക്കൻ ഘടകം പ്രോമോ വീഡിയോ പുറത്തിറക്കിയത് . വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന അമേരിക്കൻ സ്വദേശികളായ ഉദ്യോഗസ്ഥർ മുതൽ വീട്ടമ്മമാർ വരെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ കാണാൻ തങ്ങളും കാത്തിരിക്കുകയാണെന്നാണ് പറയുന്നത്.
ഒരു മലയാള സിനിമയുടെ റിലീസിന് മുമ്പ് വിദേശികളായ ആരാധകർ ഇത്രയും കാത്തിരുന്ന ചിത്രമുണ്ടായിട്ടില്ല. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബെർട്ട് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ട ഫാൻസ് പ്രോമോ വീഡിയോ ആയിരക്കണക്കിന് ആരാധകർ ആണ് ഇതിനോടകം ഷെയർ ചെയ്തത്. അമേരിക്കയിൽ ചിത്രം പ്രദര്‍ശത്തിന് എത്തുന്ന തീയതി അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.