അനാമിക
“ലിയാനെ ജീവിതത്തിലേക്കു മടങ്ങിവരുമെന്നു ഞാൻ പ്രതീക്ഷിച്ചതേയില്ല. അവളുടെ ശരീരമാകെ കരിനീലിച്ചിരുന്നു, മരണം അവളെ തീണ്ടി എന്നപോലെ. അതുവരെ അവളെ പ്രണിയിക്കുന്നു എന്നു ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ അന്ന് ആദ്യമായി ഞാനത് പറഞ്ഞു.’
ഡസ്റ്റി ചിരിച്ചു. “ഇത്രയും നാൾ ഒന്നിച്ചുണ്ടായിരുന്നിട്ടും എന്നെ പ്രണയിക്കുന്നു എന്നു പറയാൻ ഈ സമയമാണോ ഡസ്റ്റി നീ തെരഞ്ഞെടുത്തത്?’, ലിയാനെ ഡസ്റ്റിയോടിതു ചോദിക്കുന്പോൾ അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു. ഒപ്പം ജീവിതത്തിലേക്കു മടങ്ങി വരുന്നതിന്റെ വെളിച്ചവും.
സതേൺ കാലിഫോണിയയിലെ സാൻ ഓൺഫ്രെ കടപ്പുറത്ത് പ്രതിശ്രുത വരനും സുഹൃത്തുക്കൾക്കും ഒപ്പമിരിക്കുന്പോൾ ലിയാനെ എറിക്സണ് അത് അവൾ ഏറെ ഇഷ്ടപ്പെടുന്ന വിശ്രമവേളകളിൽ ഒന്നായിരുന്നു. 2017 ഏപ്രിലിലെ ഒരു ഒഴിവു ദിവസമാണ് സംഭവം നടക്കുന്നത്. തന്റെ പ്രതിശ്രുത വരൻ ഡസ്റ്റി ഫിലിപ്സും സുഹൃത്തുക്കളും സർഫിംഗിൽ ഏർപ്പെട്ടപ്പോൾ ലിയാനെ നീന്താനിറങ്ങി.
എന്നാൽ, പെട്ടെന്നാണ് വലതു കാലിൽ പിടിമുറുക്കിയ ഏതോ ഒരു ശക്തി അവളെ സമുദ്രത്തിന്റെ ആഴങ്ങളിലേക്കു വലിച്ചിഴച്ചത്. സാൻ ഓൺഫ്രെ കടലുകളുടെ ആഴത്തിലേക്കു വലിച്ചിഴച്ച ഭീമൻ വെള്ള സ്രാവിനെ തോൽപിച്ചു ജീവിതത്തിലേക്കു നീന്തിക്കയറിയ ഓർമകൾ പങ്കുവയ്ക്കുകയാണ് ലിയാനെ എന്ന മുപ്പത്തിയെട്ടുകാരി.
നാഷണൽ ജിയോഗ്രഫി ചാനലിന്റെ വാർഷിക ഷാർക്ക് ഫെസ്റ്റിനോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു ലിയാനെ. മൂന്നു വർഷങ്ങൾക്കിപ്പുറം നടുക്കുന്ന ആ ഓർമകൾ ലിയാനെ വിവരിക്കുന്നു.
“അത് എന്റെ കാലിൽ പിടിമുറുക്കിയപ്പോൾ തന്നെ എന്താണ് സംഭവിക്കുന്നത് എന്നെനിക്കു മനസിലായി. എന്റെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസിൽ ആദ്യം തെളിഞ്ഞത്. തുടർന്ന് ഫിലിപ്സിനെ ഞാൻ ഓർത്തു. സർഫിംഗ് കഴിഞ്ഞെത്തുന്പോൾ എന്നെ കണ്ടില്ലെങ്കിൽ എനിക്കെന്തു സംഭവിച്ചു എന്നോർത്ത് അവൻ ആശങ്കപ്പെടുമല്ലോ എന്ന ചിന്ത എന്നെ അലട്ടി.
കടലിന്റെ ആഴങ്ങളിലേക്കു പോകുന്പോൾ എന്റെയുള്ളിൽ അലയടിച്ച ഓർമകളെല്ലാം ഇന്നും എന്റെ മനസിലുണ്ട്. എന്റെ തുടയിൽ ചുറ്റിപ്പിടിച്ച ആ താടിയെല്ലിന്റെ ശക്തിയും ഞാൻ മറന്നിട്ടില്ല. കടലിന്റെ ആഴങ്ങളിലേക്ക് ആ സ്രാവ് എന്നെ വലിച്ചിട്ടു.
അടിത്തട്ടുകളിലേക്കു പോകുന്തോറും വെളിച്ചം മറഞ്ഞ്, ഇരുട്ട് കൂടിക്കൂടി വന്നു. മരണം മുന്നിലെത്തി എന്നെനിക്കു മനസിലായി. ശ്വാസം നിലയ്ക്കാൻ പോവുകയാണ്. ഭീമാകാരനായ സ്രാവിന്റെ പിടിയിൽനിന്നു രക്ഷപ്പെടുക അസാധ്യമാണെന്നു മനസു പറഞ്ഞു.
എങ്കിലും ജീവിതം തിരിച്ചുപിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ഒരു നിമിഷംകൂടി ചുറ്റും പരതി. പെട്ടെന്നൊരു നിമിഷം സ്രാവിന്റെ കണ്ണ് തനിക്കു തൊട്ടടുത്ത് എത്തിയിരിക്കുന്നതായി അവൾ കണ്ടു. ആ ഇരുട്ടിലും ഭീമൻ സ്രാവിന്റെ കണ്ണുകൾ തിളങ്ങി.
അവൻ അത്ര അടുത്തായിരുന്നു. ശത്രുവിന്റെ കണ്ണിലെ ചിരിയാണ് പോരാടാൻ എനിക്കു ധൈര്യം തന്നു. അവസാന ശ്രമം നടത്താൻ തന്നെ തീരുമാനിച്ചു എല്ലുനുറുങ്ങുന്ന വേദനയിലും സർവശക്തിയുമെടുത്ത് ഞാൻ എന്റെ കൈ ചുരുട്ടി ആ കൊലയാളി സ്രാവിന്റെ കണ്ണിൽ ഇടിച്ചു, ഒന്നല്ല പലവട്ടം.
സ്രാവിന്റെ കണ്ണുകൾ വളരെ മൃദുവാണെന്നു താൻ തൊട്ടറിഞ്ഞു. അപ്രതീക്ഷിത ആക്രമണത്തിൽ വേദനകൊണ്ട് പുളഞ്ഞ സ്രാവിന്റെ വായ് തുറന്നു. തുടയിൽനിന്നുള്ള പിടി അയഞ്ഞു. വേദന സഹിക്കാൻ വയ്യാതെ അതു നീന്തുമാറി. അവന്റെ വായിൽനിന്നു പൂർണമായി സ്വതന്ത്രയായതോടെ, മുപ്പതടി താഴ്ചയിൽനിന്നു ഞാൻ മുകളിലേക്കു കുതിച്ചുനീന്തി. ‘ ലിയാനെ പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ മുൻ വർഷങ്ങളേക്കാൾ പ്രകോപനംകൂടാതെയുള്ള സ്രാവ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. തീരവാസികളുടെ എണ്ണത്തിലെ വർധനയും ഉയർന്ന താപനിലയുമാണ് കാരണമെന്ന് അവർ വിലയിരുത്തുന്നു.
സംഭവ ദിവസത്തെ ഡസ്റ്റി ഫിലിപ്സ് ഓർക്കുന്നതിങ്ങനെ: “സർഫിംഗിനിടയിൽ ഞാൻ ലിയാനയുടെ നിലവിളി കേട്ടു. ആ നിലവിളി എന്റെയുള്ളു തുളച്ചുകൊണ്ടു കടലിനടിയിലേക്കു താഴ്ന്നു പോയി. പെട്ടെന്നു തന്നെ ലിയാനെ ഉണ്ടായിരുന്ന ഭാഗത്തേക്കു നോക്കിയെങ്കിലും അവിടത്തെ വെള്ളത്തിന് അനക്കംപോലും ഉണ്ടായിരുന്നില്ല.
ഞാൻ അവിടെ മുഴുവൻ നോക്കി. പക്ഷേ എവിടെയും ലിയാനയെ കണ്ടില്ല. ഞാൻ ഏറെനേരം കാത്തിരുന്നെങ്കിലും അവൾ പൊങ്ങി വന്നതുമില്ല. അവളെ കാത്ത് ഞാൻ തീരത്തു നിന്നപ്പോൾ അവൾ കടലിനടിയിൽ ജീവനുവേണ്ടി ഒരു ഭീമൻ സ്രാവുമായി പോരാടുകയായിരുന്നു.
കരയിലേക്കു നീന്തിക്കയറിയ ലിയാനെ തീർത്തും അവശയായിരുന്നു. ഞാൻ അവളെ എന്റെ സർഫിംഗ് ബോർഡിലേക്കു കിടത്തി. ആ നേരം അവൾ ഒരു രക്തപ്പുഴയായിരുന്നു.’ ഫിലിപ്സ് പറയുന്നു.
പ്രാദേശിക മറൈൻ ബേസിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകരാണ് ലിയാനയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചത്.
“ഞാൻ ലിയാനെയുടെ കാൽ മെല്ലെ ഉയർത്തി, സത്യമായും അതു താഴേക്കു വീണുപോകുമെന്ന് എനിക്കു തോന്നി’ ആരോഗ്യപ്രവർത്തകനായ ജസ്റ്റിൻ മേയേഴ്സ് പറയുന്നു. അങ്ങനെ എട്ടു ശസ്ത്രക്രിയകൾക്കും ഒൻപത് ആഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ലിയാനെ ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങി.