സാമ്പത്തിക പ്രതിസന്ധിയില് ഉഴറുന്ന പാക്കിസ്ഥാനില് കാര്യങ്ങള് പരമദയനീയമാണ്. ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഭീകരര്ക്ക് നല്കാന് നല്ല നാല് തോക്ക് പോലുമില്ലെന്നതാണ് അവസ്ഥ.
അപ്പോള് പിന്നെ യുദ്ധവിമാനങ്ങളുടെ കാര്യം പറയണോ ചൈനീസ് നിര്മ്മിതമായ ജെ എഫ് 17, ജെ 10 എന്നീ അത്യാധുനികമെന്ന് അവകാശപ്പെടുന്ന വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് ആത്മവിശ്വാസമില്ല.
കാരണം അത് ചൈനീസ് നിര്മിതമാണെന്നതു തന്നെ. എപ്പോഴാണ് പണി മുടക്കുകയെന്ന് യാതൊരു നിശ്ചയവുമില്ല. കോവിഡ് കാലത്ത് പോലും ഗുണമേന്മയില്ലാത്ത ഉല്പ്പന്നങ്ങള് മറ്റു രാജ്യങ്ങളിലേക്ക് കയറ്റിവിട്ട് കലക്കവെള്ളത്തില് മീന്പിടിച്ച ടീംസാണ്, പിന്നെ എങ്ങനെ പാക്കിസ്ഥാന്കാര് ഇവരെ വിശ്വസിക്കും.
പിന്നെ ഭീകരരെ വളര്ത്തുന്നതു കൊണ്ടും ഒരുഗതിയും പരഗതിയുമില്ലാത്തതു കൊണ്ടും ചൈനയല്ലാതെ മറ്റൊരു രാജ്യത്തിന്റെ കൈയില് നിന്നും പുത്തന് ആയുധങ്ങള് വാങ്ങാന് പാകിസ്ഥാന് കഴിയുന്നുമില്ല.
ഈ അവസരത്തില് യൂറോപ്യന് രാജ്യമായ ഗ്രീസില് നിന്നും അവരുടെ പഴയ എ16 യുദ്ധവിമാനങ്ങള് ലഭിക്കുമോ എന്ന് തിരക്കിച്ചെന്നിരിക്കുകയാണ് പാകിസ്ഥാന്.
എന്നാല് ഈ ആവശ്യം കേട്ടപാടെ ഗെറ്റൗട്ട് അടിച്ച് പാകിസ്ഥാനെ, ഗ്രീസ് പുറത്താക്കിയെന്നാണ് പ്രതിരോധ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
പാകിസ്ഥാന്റെ കൈവശമുള്ളതില് ഇപ്പോഴും മികച്ച പ്രവര്ത്തനക്ഷമതയുള്ള വിമാനം അമേരിക്കയില് നിന്നും ലഭിച്ച എഫ് 16 വിമാനങ്ങളാണ്. എന്നാല് ഇവ വര്ഷങ്ങള് പഴക്കമുള്ളവയാണ്.
അടുത്തിടെ ഈ എഫ് 16 വിമാനങ്ങളെ നവീകരിക്കാന് അമേരിക്ക തയ്യാറായിരുന്നു. എന്നാല് ഇന്ത്യയുടെ കടുത്ത എതിര്പ്പാണ് ഈ വിഷയത്തില് അമേരിക്ക നേരിട്ടത്.
ഇതേ തുടര്ന്ന് തങ്ങള് ഉദ്ദേശിക്കുന്നത് പരിമിതമായ നവീകരണം മാത്രമാണെന്ന് അമേരിക്ക വ്യക്തമാക്കി, ഇതിന് പിന്നാലെ അടുത്തിടെ പാകിസ്ഥാനെ തള്ളിപ്പറയാനും അമേരിക്കന് പ്രസിഡന്റ് ബൈഡന് നിര്ബന്ധിതനായി.
ഇനിയും അമേരിക്കയില് നിന്നും എഫ് സീരീസ് വിമാനങ്ങളുടെ സ്പെയര് പാര്ട്സ് പോലും ലഭിക്കാന് ബുദ്ധിമുട്ടേറെയാണെന്ന് മനസിലാക്കിയാണ് അമേരിക്ക ഗ്രീസിനോട് അടുക്കാന് ശ്രമിച്ചത്.
എന്നാല് ഇവിടെയും പാകിസ്ഥാന് ഇന്ത്യയെന്ന വന്മതിലില് തട്ടി നില്ക്കേണ്ടി വന്നു. ഗ്രീസുമായി അടുത്തിടെ ഇന്ത്യ മികച്ച ബന്ധമാണ് പുലര്ത്തുന്നത്. ഇതിന് പിന്നിലും മറ്റു ചില കാര്യങ്ങളുണ്ട്.
യൂറോപ്പില് നിന്നും പാകിസ്ഥാനെ കൈ മെയ് മറന്ന് സഹായിക്കുന്ന രാജ്യമാണ് തുര്ക്കി, ഈ തുര്ക്കിയുടെ അയല് രാജ്യമാണ് ഗ്രീസ്.
പോരാത്തതിന് തുര്ക്കിയും ഗ്രീസും തമ്മില് കടുത്ത ശത്രുതയിലുമാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന പൊതു തത്വത്തിലാണ് ഇന്ത്യ ഗ്രീസുമായി അടുത്തത്.
ഇത് കൂടി മനസില് വച്ചാണ് പാകിസ്ഥാന് ഗ്രീസില് ഒരു കൈ നോക്കാന് ഇറങ്ങിയത്. എന്നാല് അത് പരാജയപ്പെടുകയായിരുന്നു.
ഗ്രീസില് നിന്നും പാകിസ്ഥാന് സ്വന്തമാക്കാന് തീരുമാനിച്ചത് എത്ര വിമാനങ്ങളാണെന്ന വിവരം പുറത്ത് വന്നിട്ടില്ല.
ഏതായാലും പാക് ആഗ്രഹം മുളയിലേ ഗ്രീസ് നുള്ളിയെന്ന റിപ്പോര്ട്ടാണ് കഴിഞ്ഞയാഴ്ച മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്.