പാറശാല; ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായ ഗ്രീഷ്മ താൻ ആഗ്രഹിച്ചത് പ്രതിശ്രുത വരനുമായുള്ള കുടുംബജീവിതമെന്ന് പോലീസിന് മൊഴി നൽകി.
താനുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് പലതവണ ഷാരോണിനോട് പറഞ്ഞുവെങ്കിലും കൂട്ടാക്കിയില്ല. ഒടുവിൽ ആത്മഹത്യ ഭീഷണി വരെ നടത്തി നോക്കി എന്നിട്ടും പിൻമാറാതെ വന്നതോടെയാണ് ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്
അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാവിലെ മുതൽ പത്ത് മണിക്കൂറിലേറെ നേരം റൂറൽ എസ്പി. ഡി.ശിൽപ്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
അന്വേഷണ സംഘം ഇന്നലെ രാത്രിയിൽ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലാണ് പാർപ്പിച്ചിരുന്നത്. ഇന്ന് റൂറൽ എസ്പി ഓഫീസിലെത്തിച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഗ്രീഷ്മക്ക് മാതാപിതാക്കളുടെയും മറ്റ് ബന്ധുക്കളുടെയൊ സുഹൃത്തുക്കളുടെയൊ സഹായം കിട്ടിയിരുന്നുവൊ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനാണ് മാതാപിതാക്കളോടൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്.
അതിന് ശേഷം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുന്നതോടൊപ്പം പോലീസ് കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകും.
പോലീസ് രക്തസാന്പിൾ സ്വീകരിച്ചില്ലെന്ന് ഷാരോണിന്റെ സഹോദരൻ
അതേ സമയം കേസ് അന്വേഷണത്തിൽ പാറശാല പോലീസിന്റെ ഭാഗത്ത് നിന്നും നിരവധി വീഴ്ചകൾ ഉണ്ടായെന്ന് ഷാരോണിന്റെ സഹോദരൻ ആരോപിച്ചു.
ഷാരോണ്‍ മരിക്കുന്നതിന് മുൻപ് രക്തസാംപിളുകളും മൂത്ര സാംപിളുകളും എടുക്കാനായി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ എത്താൻ പാറശാല പോലീസിനോട് ഇന്റിമേഷൻ നൽകിയിരുന്നു.
എന്നാൽ പോലീസ് ഹോസ്പിറ്റലിൽ എത്തുകയോ സാംപിൾ ശേഖരിക്കുകയോ ചെയ്തില്ലെന്ന് ഷാരോണിന്റെ സഹോദരൻ ഷിമോണ്‍ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഗ്രീഷ്മയുടെ മാതാപിതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഷാരോണിന്റെ അച്ഛൻ
ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കൂട്ടുകാരി ഗ്രീഷ്മയ്ക്കു പുറമെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ആരോപിച്ച് ഷാരോണിന്റെ പിതാവ് ജയരാജ്.
അന്വേഷണ്തതിൽ പോലീസിന്റെ വീഴ്ചയും ഗ്രീഷ്മയുടെ മാതാപിതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുമെന്ന് ജയരാജ് മാധ്യമങ്ങളോടും പറഞ്ഞു.
ഗ്രീഷ്മയുടെ വീടിനുനേരെ കല്ലേറ്
പാറശാല: ഷാരോൺ രാജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ ഗ്രീഷ്മയുടെ വീടിനു നേരെ കല്ലെറിഞ്ഞു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
രാത്രിയിൽ ഭയാനകമായ ശബ്ദംകേട്ട് നാട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കല്ലെറിഞ്ഞവർ ഇരുചക്ര വാഹനങ്ങളിൽ കയറി പോകുന്നതാണ് കണ്ടത് .വീടിന്റെ മുൻ വശത്തുള്ള ജനൽ പാളികൾ തകർന്നു. കാരക്കോണത്തിനു സമീപം രാമവർമൻചിറ ശ്രീ നിലയത്തിലാണ് കല്ലേറ് നടത്തിയത്.