മട്ടന്നൂർ: ഗ്രീൻ എയർപോർട്ടായ കണ്ണൂർ വിമാനത്താവളത്തിൽ പുല്ലും വൃക്ഷത്തൈകളും വച്ചു പിടിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തി. റൺവേയ്ക്ക് സമീപം പുല്ലും പദ്ധതി പ്രദേശത്തു ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു വൃക്ഷ തൈകളുമാണ് വച്ചുപിടിപ്പിക്കുന്നത്.
റൺവേ, എയർ കൺട്രോൾ കെട്ടിടം, ടെർമിനൽ ബിൽഡിംഗ് എന്നിവയുടെ സമീപത്തു ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു പുൽചെടികളാണ് വച്ചു പിടിപ്പിക്കുന്നത്. കാർ പാർക്കിംഗ് ഏരിയയിലും പ്രദേശത്തു ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തുമായി കൊന്ന, മണിമരുതിന്റെ തൈകളുമാണ് വച്ചുപിടിപ്പിക്കുന്നത്.
പക്ഷികൾ ഉൾപ്പെടെ ചേക്കേറാതിരിക്കാനാണ് പഴവർഗ ചെടികൾ വച്ചുപിടിപ്പിക്കാതെ ഒഴിവാക്കിയത്. കണ്ണവം വനത്തിൽ നിന്നാണ് ആദ്യഘട്ടത്തിൽ 20,000ത്തിലധികം വൃക്ഷ തൈകൾ വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിച്ചത്. വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് പ്രവൃത്തി പൂർത്തീകരിക്കാനാണ് ശ്രമം നടത്തുന്നത്. പദ്ധതി പ്രദേശത്തെ മണ്ണൊലിപ്പ് തടയുന്നതിനു രാമച്ചവും വച്ചു പിടിപ്പിച്ചിട്ടുണ്ട്.