ആഥൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന മോദിക്കു സമ്മാനിച്ചു.
ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരമാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്നു ബഹുമതി സ്വീകരിക്കുന്ന ചിത്രത്തോടൊപ്പം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിക്കു ശേഷമാണ് മോദി ഏകദിന സന്ദർശനത്തിനായി ഗ്രീസിലെത്തിയത്. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം.
40 വർഷത്തിനു ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. 1983ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനുമുന്പ് ഗ്രീസ് സന്ദർശിച്ചത്.
നേരത്തെ അമേരിക്ക, ജർമനി, ഫ്രാൻസ്, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.