യുഎസ്: രാജ്യങ്ങള്‍ക്കും സംസ്ഥാനങ്ങൾക്കുമെല്ലാം തങ്ങളുടേതായ ഔദ്യോഗിക ഭാഷ, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുണ്ട്.
എന്നാല്‍, ഔദ്യോഗിക സുഗന്ധം എന്നത് അത്ര സുപരിചിതമല്ല. എന്നാല്‍, അമേരിക്കയിലെ ന്യൂ മെക്സിക്കന്‍ സര്‍ക്കാര്‍ വറുത്ത പച്ചമുളകിന്റെ മണം സംസ്ഥാനത്തിന്റെ ഔദ്യോഗിക സൗരഭ്യമാക്കാന് ഒരുങ്ങുകയാണ്.
ന്യൂ മെക്സിക്കോയില്‍ എല്ലാ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണു പച്ചമുളക്. മാത്രമല്ല, സംസ്ഥാനത്തിന്റെ ഔദ്യോഗിക പച്ചക്കറികളുടെ പട്ടികയിലും പച്ചമുളക് താരംതന്നെയാണ്.
അതിന്റെ കൂടി പശ്ചാത്തലത്തിലാണ് വറുത്ത പച്ചമുളകിന്റെ മണം ഔദ്യോഗിക സുഗന്ധമാക്കാന്‍ അവിടത്തെ ഭരണകൂടം ഒരുങ്ങുന്നത്.
ഔദ്യോഗിക സുഗന്ധ പ്രഖ്യാപനത്തിനുള്ള നടപടികള്‍ നിയമനിര്‍മാണസഭയില്‍ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ വില്യം സോള്‍സ് ആണ് ഇതുമായി ബന്ധപ്പെട്ട ബില്ല് നിര്‍ദേശിച്ചിരിക്കുന്നത്.
ജൂണ്‍ 16 മുതല്‍ ഔദ്യോഗിക സുഗന്ധവുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന്, ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക ചിഹ്നങ്ങളില്‍ സംസ്ഥാന സുഗന്ധവും ഉള്‍പ്പെടും.
ഒരു സ്കൂള്‍ സന്ദര്‍ശനത്തിനിടെ, വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സെനറ്റള് വില്യം സോള്സിനു വറുത്ത പച്ചമുളകിന്റെ മണം ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക സുഗന്ധമാക്കാനുള്ള ആലോചനയുണ്ടാകുന്നത്.
ഔദ്യോഗികസൗരഭ്യം എന്ന ആശയം മനസില്‍ വന്നപ്പോള്‍ മുതല്‍ വിവിധ ഗന്ധങ്ങളെക്കുറിച്ച് ചിന്തിച്ചെങ്കിലും വറുത്ത പച്ചമുളകിന്റെ മണത്തേക്കാള്‍ വ്യത്യസ്തമായി മറ്റൊരു മണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സോള്‍സ് പറയുന്നു.