നെല്‍പ്പാടങ്ങളില്‍ നെല്‍വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നത് പതിവാണെങ്കിലും കടല്‍കടന്ന് വിത്ത് എത്തിച്ച് കൃഷിചെയ്യുന്നത് ഒരുപക്ഷേ ആദ്യംമായിരിക്കാം. അതിന് സാക്ഷ്യം വഹിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലെ നിരണം കൃഷിഭവന് പരിധിയിലെ അരിയോടിച്ചാല്‍ പാടവും.
ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ‘ജപ്പാൻ വൈലറ്റ് വാർ’ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതും കീടപ്രതി രോധശേഷി കൂടിയതുമായ ഇനമാണിത്. വിത്ത് ഉത്പാദിപ്പിച്ച് കൂടുതലിടത്ത് പുതിയ ഇനത്തിന്റെ കൃഷി നടപ്പാക്കുകയാണ് ലക്ഷ്യം.
നിരണം അരിയോടിച്ചാൽ പാടത്ത് രണ്ടര ഏക്കറിലാണ് പുതിയ നെല്ല് കൃഷി ചെയ്യുന്നത്. കുട്ടനാടൻ മേഖലയിൽ ആദ്യമായാണ് വൈലറ്റ് വാർ നെല്ലിനത്തിന്റെ കൃഷി നടത്തുന്നത്. ചെടിക്കും കതിർമണികൾക്കും വൈലറ്റ് നിറമുള്ള നെല്ലിനത്തിന്റെ മൂലകുടുംബം ജപ്പാനാണ്. കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യമായി തദ്ദേശീയ വിത്തിൽ ബ്രീഡിംഗ് നടത്തിയാണ് ജപ്പാൻ വൈലറ്റ് വാർ ഇവിടെ എത്തിച്ചത്. കേരളത്തിൽ ഏറെ ജനപ്രിയമായ ജ്യോതി നെല്ലിനത്തിനോട് സാദൃശ്യമുള്ളതാണ് ജപ്പാൻ വിത്ത്.
ജ്യോതിക്ക് വേണ്ടതുപോലെ 110 ദിവസമാണ് ജപ്പാൻ വിത്തിന്റെയും വിളവെടുപ്പുകാലം. കീടബാധ ആക്രമണം തീരെക്കുറവ്. ജലാംശം ഏറെയുള്ള പുഞ്ചനിലങ്ങളിൽനന്നായി വളരും. ഏക്കറിന് ശരാശരി 25 ക്വിന്റൽ വിളവ് ലഭിക്കുമെന്ന് സംസ്ഥാന സീഡ് ഫാം സീനിയർ അഗ്രികൾച്ചറൽ ഓഫീസർ മാത്യു ഏബ്രഹാം പറഞ്ഞു.
ഒരുകിലോ വിത്തിന് 50 രൂപയാണ് ഇപ്പോഴത്തെ വില. വാണിജ്യാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയിട്ടില്ലാത്തതിനാൽ അരിവില നിശ്ചയിച്ചിട്ടില്ല. ഏകത ഫാർമർ പ്രൊഡ്യൂസർ സംരംഭത്തിന്റെ ഭാഗമായ ഗോവർധൻ പ്രകൃതികൃഷി പ്രചാരക സംഘം കർഷക ഗ്രൂപ്പ് ആണ് അരിയോടി ച്ചാലിൽ ജപ്പാൻ വിത്ത് വിതച്ചത്. സംസ്ഥാന സീഡ് ഫാമിൽനിന്ന് വിത്ത് എത്തിച്ചു.
30 ദിവസം പ്രായമായ നെല്ല് ഏപ്രിൽ ആദ്യവാരത്തിൽ വിളവെടുക്കും. അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ, സമൃദ്ധമായി ഫൈബർനാരുകൾ, ത്വക്കിനും കണ്ണിനും ഗുണം ഗ്ലൂട്ടൻരഹിത പ്രകൃതിദത്ത ധാന്യം പ്രോട്ടീൻ, ഇരുമ്പ് എന്നിവ നല്ല രീതിയിലുണ്ട്, അണുബാധ പ്രതിരോധിക്കും, ഹൃദയാരോഗ്യത്തിന് ഫലപ്രദം ഇതൊക്കെയാണ് ആരോഗ്യപ്രദമായ ഗുണങ്ങൾ എന്ന നിലയിൽ പറയപ്പെടുന്നത്.