കേരളത്തില്‍ ആകെ രാജ്യാന്തര നിലവാരമുള്ള രണ്ട് സ്റ്റേഡിയങ്ങളാണ് ഉള്ളത്. ഒന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആണെങ്കില്‍ രണ്ടാമത്തേത് പുതിയതായി വന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. കേരളത്തിലേക്ക് ക്രിക്കറ്റായാലും ഫുട്‌ബോളായാലും രാജ്യന്തര മത്സരം വിരുന്നിനെത്തിയാല്‍ വേദിയാകുക ഈ സ്‌റ്റേഡിയങ്ങളാണ്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഏതൊരു കളിയാരാധകനും വേദന ഉളവാക്കുന്നതാണ്.
കഴിഞ്ഞദിവസം നടന്ന താരസംഘടനയായ അമ്മയുടെ മെഗ താരഷോയ്ക്കുവേണ്ടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ചുകളും ഔട്ട്ഫീല്‍ഡുകളും കുത്തിപ്പൊളിച്ചതാണ് പുതിയ സംഭവം. കോടികള്‍ വാടക വാങ്ങിയാണ് തലസ്ഥാനത്തെ മികച്ചൊരു കളിക്കളം സിനിമക്കാര്‍ക്ക് ആടിപാടാനും നശിപ്പിക്കാനുമായി വിട്ടുകൊടുത്തത്. ഒക്ടോബറില്‍ വിന്‍ഡീസിനെതിരേ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനും വേദിയാകേണ്ടത് ഈ ഗ്രൗണ്ടാണ്. എന്നാല്‍ സിനിമക്കാര്‍ക്കായി പിച്ചും മറ്റും നശിപ്പിച്ചതിനാല്‍ പുനസ്ഥാപിക്കാന്‍ ഇനിയുമേറെ പണം ചിലവഴിക്കേണ്ടിവരും.
സ്റ്റേഡിയം സിനിമക്കാരുടെ പരിപാടിക്കായി വിട്ടുകൊടുത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സേവ് ഗ്രീന്‍ഫീല്‍ഡ് കാംപെയ്‌നും തുടങ്ങിയിട്ടുണ്ട്. സിനിമക്കാര്‍ക്ക് പരിപാടി നടത്താന്‍ നിരവധി ഓഡിറ്റോറിയങ്ങളും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും കേരളത്തിലുണ്ട്. എന്നിട്ടും കായികപ്രേമികളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.