ഗ്വാങ്ഡോങ്ങ്: പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ ഫോട്ടോ എടുക്കുന്നത് ചിലർക്ക് ഒരു വിനോദമാണ്. പുതിയ മോതിരം വാങ്ങി ബഹുനില കെട്ടിടത്തിന്റെ ഒന്പതാം നിലയിൽ, ജനലിലൂടെ പുറത്തേക്കു പിടിച്ചു ഫോട്ടോ എടുക്കുന്നതിനിടയിലാണ് ആ മോതിരം അബദ്ധത്തിൽ താഴേക്കു പതിച്ചത്. അതു ചെന്നു വീണതാകട്ടെ മാലിന്യം നിറഞ്ഞ ഓടയിൽ.
വിവരമറിഞ്ഞവരെല്ലാം ഞെട്ടി..! അത്രയ്ക്കു ഞെട്ടാൻ എന്തിരിക്കുന്നുവെന്നല്ലേ, മോതിരത്തിന്റെ വിലയാണ് അതിനു കാരണം. ഒരുകോടിയിലധികം വിലയുള്ളതായിരുന്നു ഓടയിൽ വീണ് അപ്രത്യക്ഷമായ മോതിരം. പച്ച ജഡൈറ്റ് കല്ലുകളും വജ്രങ്ങളും അടങ്ങിയ മോതിരത്തിന്റെ കൃത്യമായ വില 1,16,38,711 രൂപ. വിവാഹദിനത്തിൽ മരുമകൾക്കു സമ്മാനിക്കാൻ ഒരമ്മായിയച്ഛൻ വാങ്ങിയതായിരുന്നു ആ മോതിരമെന്നതായിരുന്നു മറ്റൊരു കൗതുകം. ഈ അമ്മായിയച്ഛന്റെ കൈയിൽനിന്നുതന്നെയാണു മോതിരം നഷ്ടമായതും.
തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ്ങിൽ ആണു സംഭവം നടന്നത്. ദുർഗന്ധം വമിക്കുന്ന ഓടയിലാണു മോതിരം വീണതെങ്കിലും വിട്ടുകളയാൻ പറ്റില്ലല്ലോ, വീട്ടുകാരും നാട്ടുകാരുമൊക്കെ തെരച്ചിൽ തുടങ്ങി. ഫലമില്ലെന്നു വന്നതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പ്രതിദിനം ആറായിരം രൂപയോളമായിരുന്നു ഈ സഘത്തിന്റെ പ്രതിഫലം. ഒടുവിൽ തെരച്ചിലിന്റെ നാലാം ദിവസം യാതൊരു കേടുപാടുമില്ലാതെ മോതിരം കണ്ടെത്തിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.