ഗ്രീസിലെ ട്രിപ്പോളിയിൽ നാൽപത്തിനാലുകാരി നടത്തിയ “തീക്കളി’ അവരുടെ അറസ്റ്റില്‍ കലാശിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ യുവതി മനഃപ്പൂർവം തീയിടുകയായിരുന്നു. ഒന്നല്ല, രണ്ടു തവണ. അബദ്ധത്തിലുള്ള തീപിടിത്തമാണെന്നാണ് എല്ലാവരും കരുതിയത്.
വലിയ കാട്ടുതീ ഉണ്ടാകുന്ന മേഖലയായതിനാൽ തീപിടിത്തം നാട്ടിലാകെ പരിഭ്രാന്തി പരത്തി. നൂറുകണക്കിന് അഗ്നിരക്ഷാസേനാംഗങ്ങൾ തീ കെടുത്താൻ പാഞ്ഞെത്തി. സമീപത്തെ വീട്ടുകാരെയെല്ലാം ഒഴിപ്പിച്ചശേഷം ഏറെ പണിപ്പെട്ടാണു തീ കെടുത്തിയത്.
എന്നാൽ ഒരേസ്ഥലത്തു തുടർച്ചയായി രണ്ടു ദിവസം തീപിടിത്തമുണ്ടായതും സംഭവസ്ഥലത്ത് യുവതിയുടെ സാന്നിധ്യം രണ്ടു ദിവസവും കണ്ടതും സേനാംഗങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു യുവതി തീയിട്ടതാണെന്നു ബോധ്യമായതും അറസ്റ്റ് ചെയ്തതും.
ഇനി എന്തിനാണു യുവതി തീയിട്ടതെന്നല്ലേ? അഗ്നിരക്ഷാ സേനാംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക, പരിചയത്തിലായിക്കഴിഞ്ഞാൽ അവരില്‍ ആരെങ്കിലുമായി സൗഹൃദം സ്ഥാപിക്കുക. ഇതായിരുന്നത്രെ യുവതിയുടെ ലക്ഷ്യം.
പക്ഷേ, യുവതിയുടെ തമാശ അധികൃതർ അത്ര നിസാരമായി കണ്ടില്ല.
ട്രിപ്പോളി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിക്കു 36 മാസം തടവും 92,000 രൂപ പിഴയും വിധിച്ചു. ഇവരുടെ ജയിൽശിക്ഷ പിന്നീടു താൽകാലികമായി മരവിപ്പിച്ചെങ്കിലും, നിശ്ചിത കാലയളവിനുള്ളിൽ മറ്റൊരു കുറ്റകൃത്യം ചെയ്താൽ പുതിയ ശിക്ഷയ്ക്കൊപ്പം ഈ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നു കോടതി ഉത്തരവിൽ പറയുന്നു. യുവതി സൃഷ്ടിച്ച തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാത്തതാണു ശിക്ഷ കുറയാൻ കാരണമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.