സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിച്ചതോടെ സിനിമ ടിവി താരങ്ങളെ പോലെ പ്രശസ്തരാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും. ദൈനംദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മുതൽ മനുഷ്യന്റെ വിവിധ അവസ്ഥകൾ വരെ വളരെ രസകരമായാണ് ക്രിയേറ്റേഴ്സ് അവതരിപ്പിക്കുന്നത്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമം ഉപയോക്താക്കൾക്ക് വളരെ പരിചിതയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്.
ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഗ്രീഷ്മയുടെ വീഡിയോസിന് ഉള്ളത്. തന്റെ വീടും ചുറ്റുപാടും എല്ലാം ചേർത്താണ് ഗ്രീഷ്മ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നത്. എന്നാൽ ഗ്രീഷ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാർത്തകളിൽ നിറയുന്നത് തനിക്ക് നേരിട്ട ബോഡി ഷെയിമിംഗിന്റെ പേരിലാണ്.
മറ്റൊരു ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അമല ഷാജിയുടെ അമ്മയാണ് ഗ്രീഷ്മ ബോസിനെ അധിക്ഷേപിച്ചത്. ഗ്രീഷ്മ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയുടെ താഴെയാണ് അമലയുടെ അമ്മ ബീനാ ഷാജി ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുകൊണ്ട് കമന്റിട്ടത്. നിനക്ക് നാണമില്ലേ… കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ’, എന്നായിരുന്നു ബീന ഷാജി കുറിച്ചത്.
ഗ്രീഷ്മ ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട് കമന്റിന് മറുപടി നൽകുകയും ചെയ്തു. ‘നാല് മില്യണിലധികം ഫോളോവേഴ്സ് ഉള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ… ഇത്തിരി ബോധമാകാം ആന്റി’ എന്നാണ് ഗ്രീഷ്മ മറുപടിയായി കുറിച്ചത്. ഒപ്പം അമല അടക്കമുള്ളവരെ ടാഗ് ചെയ്യുകയും ചെയ്തു. ഇതിന്റെ പിന്നാലെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തൂ.
ബീന കമന്റ് ഡിലീറ്റ് ചെയ്തതിന് പിന്നാലെ ഗ്രീഷ്മ മറ്റൊരു വീഡിയോയുമായി രംഗത്തെത്തി. ‘ആ കമന്റ് വിദഗ്ധമായി ഡിലീറ്റ് ചെയ്തു. ആരോഗ്യപരമായ വിമര്‍ശനം എന്നും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരാളുടെ ശാരീരിക അവസ്ഥ വച്ച് വിമര്‍ശനം നടത്തരുത്. തമാശയ്ക്കാണെങ്കില്‍ പോലും ഇത് കേള്‍ക്കുന്നയാളുടെ മനസില്‍ കരടായി കിടക്കും.
ചെറുപ്പം മുതല്‍ ബോഡിഷെയിമിംഗ് അനുഭവിച്ച ഒരാളാണ് ഞാന്‍. പണ്ട് എന്നെ വിളിച്ച ഒരോ വാക്കും എനിക്ക് ഓര്‍മ്മയുണ്ട്. ഇപ്പോള്‍ എന്നെ അങ്ങനെ വിളിച്ചാല്‍ അഞ്ചിന് പത്ത് എന്ന നിലയില്‍ തിരിച്ചുപറയും. എന്നാല്‍ അത് സാധിക്കാത്ത കുട്ടികളുണ്ട്. അതിനാല്‍ ബോഡിഷെയിമിംഗ് ഒഴിവാക്കുക’ – ഗ്രീഷ്മ വീഡിയോയില്‍ പറഞ്ഞു.