നെടുങ്കണ്ടം: വനിതകൾ അധികം കടന്നുവരാത്ത രംഗത്ത് പ്രഫഷണൽ ടച്ച് പകർന്ന് പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണ് നെടുങ്കണ്ടം കളരിക്കൽ ഹണി കോട്ടേജിലെ ഗ്രീഷ്മ ദാമോദരൻ. ജീൻസും ഷർട്ടും ധരിച്ച് കാമറയുമായി വേദികളിലും ആഘോഷങ്ങളിലും നിറസാന്നിധ്യമാണ് ഈ വനിത. ഗ്രീഷ്മയുടെ കാൻവാസിൽ തെളിയുന്നത് തനിമയും സ്വാഭാവികതയുമുള്ള ചിത്രങ്ങളാണ്. പുരുഷൻമാർ മാത്രം കൈകാര്യം ചെയ്യുന്ന ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങൾ എടുക്കുന്നതിൽ പ്രത്യേക പ്രാവീണ്യമാണ് ഗ്രീഷ്മയ്ക്കുള്ളത്.
മോർച്ചറിയിൽ മൃതദേഹങ്ങൾക്കരികിൽനിന്ന് കാമറ ക്ലിക്ക് ചെയ്യുന്പോൾ ഗ്രീഷ്മയുടെ കൈവിറയ്ക്കാറില്ല. 10 വർഷത്തിനിടെ നൂറിലധികം മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ചിത്രങ്ങളും വീഡിയോകളും എടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഇൻക്വസ്റ്റ് ഫോട്ടോ പകർത്താൻ ഗ്രീഷ്മ എത്തിയത്.
ഒരു അസ്വാഭാവിക മരണത്തിന്റെ ചിത്രം എടുക്കാൻ പോലീസ് വിളിച്ചപ്പോൾ ഭർത്താവ് രാജേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പകരം ഗ്രീഷ്മ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പോലീസിന്റെ വിളി വന്നാൽ രാപകൽ ഭേദമില്ലാതെ ഗ്രീഷ്മ സ്പോട്ടിലെത്തും. വിവാദമായ നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ വീഡിയോ പകർത്തിയത് ഗ്രീഷ്മയായിരുന്നു. ചെറുപ്പം മുതൽ കാമറയുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഇവർക്ക്.
ഫോട്ടോഗ്രാഫറായിരുന്ന സഹോദരൻ മനോജാണ് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. ജീവിത പങ്കാളിയും ഫോട്ടോഗ്രാഫറായതോടെ സ്വകാര്യ സ്കൂളിലെ അധ്യാപക ജോലി ഉപേക്ഷിച്ച് ഫോട്ടോഗ്രഫി പ്രഫഷനാക്കി മാറ്റി. നെടുങ്കണ്ടം ടൗണിലെ തിരക്കേറിയ ഹണീസ് സ്റ്റുഡിയോ ഇവരുടേതാണ്. ഏഴാം ക്ലാസുകാരൻ ദേവനാഥും അഞ്ചാം ക്ലാസുകാരി ദുർഗയുമാണ് മക്കൾ.
ഫോട്ടോഗ്രഫിയുടെ കൂടെ എൽഐസി അഡ്വൈസർ ജോലി, പേപ്പർ ബാഗ് നിർമാണം, നെറ്റിപ്പട്ട നിർമാണം, മ്യൂറൽ പെയിന്റിംഗ്, ക്ലീനിംഗ് ഐറ്റംസ് നിർമാണം എന്നിവയും ചെയ്തുവരുന്നു. ഇതിനുപുറമേ ഉച്ചയ്ക്ക് പൊതിച്ചോർ നൽകുന്ന സംരംഭംകൂടി സമീപനാളിൽ ആരംഭിച്ചിട്ടുണ്ട്. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. ജില്ലാ ജോയിന്റ് സെക്രട്ടറിയായ ഗ്രീഷ്മ ജില്ലയുടെ വനിതാ വിംഗ് കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ബെന്നി മുക്കുങ്കൽ