ഷാരോണ്‍ വധക്കേസില്‍ ഇരുവിഭാഗങ്ങളും നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യപ്രതിസ്ഥാനത്തുള്ള ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു.
മുഖ്യപ്രതി ഗ്രീഷ്മയാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ ഏഴ് ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ പാറശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
വിഷം കൊടുത്ത് കൊന്നു എന്ന് എഫ്ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല.
വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടേ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ പറ്റി ഒന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.
ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം.
ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകന് വാദിച്ചു.