പുതുക്കാട്: നെൻമണിക്കര ചിറ്റിശേരിയിൽ ദളിത് യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് പരാതി.
യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പുതുക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ചിറ്റിശേരി മുത്രത്തിപ്പറന്പിൽ രാഹുലിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് തിങ്കളാഴ്ച രാവിലെ വീടിനകത്ത് തൂങ്ങിമരിച്ചത്.
ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ഗ്രീഷ്മയുടെ വീട്ടുകാർ ആരോപിച്ചു.
മൂന്നുവർഷം മുൻപാണ് രാഹുൽ ഗ്രീഷ്മയെ സ്നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം യുവതിയോട് ഭർത്താവും വീട്ടുകാരും ക്രൂരമായ രീതിയിലാണ് പെരുമാറുന്നതെന്നും ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പുതുക്കാട് പോലീസ് അറിയിച്ചു.