തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശം.
ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലര്‍ത്തിയ കഷായം നല്കിയ ദിവസം ലൈംഗികമായി ബന്ധപ്പെടുവാനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
13ന് രാത്രി ഒരു മണിക്കൂര്‍ ഇരുവരും ലൈംഗികമായ കാര്യങ്ങള്‍ സംസാരിച്ചു. 2022 ഒക്ടോബര്‍ 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് പലതവണ നിര്‍ബന്ധിച്ചതിനാലാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.
2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് നാലിനു പട്ടാളക്കാരനുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി.
2022 മേയ് മാസം മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബര്‍ മാസത്തില്‍ ഷാരോണിന്റെ വീട്ടില്‍വച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി.
തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനായിരുന്നു തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.