യുണൈറ്റഡ് നേഷൻസ്:കാലാവസ്ഥാ വ്യതിയാന പ്രശ്നത്തിൽ നിസംഗത പുലർത്തി ഒരു തലമുറയെത്തന്നെ ഒറ്റിക്കൊടുത്ത ലോക നേതാക്കളെ കണക്കിനു ശകാരിച്ച് പതിനാറുകാരി യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായി.
യുവതലമുറയിലാണു പ്രതീക്ഷയെന്നു പറയാൻ നിങ്ങൾ എങ്ങനെ ധൈര്യപ്പെടുന്നു. പൊള്ളയായ വാക്കുകൾ പറഞ്ഞ് എന്റെ സ്വപ്നം നിങ്ങൾ കവർന്നു, എന്റെ ബാല്യം നിങ്ങൾ കവർന്നു-സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയും സ്കൂൾ വിദ്യാർഥിനിയുമായ ഗ്രേറ്റാ തുൻബർഗിന്റെ ശബ്ദം യുഎന്നിനെ ഞെട്ടിച്ചു.
കാർബൺ നിർഗമനം മൂലമുള്ള ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ജനം ദുരിതമനുഭവിക്കുകയാണ്.ഒട്ടേറെപ്പേർ മരിക്കുന്നു. ജൈവവ്യവസ്ഥ തന്നെ തകർച്ചയുടെ വക്കിലാണ്- ഗ്രേറ്റാ പറഞ്ഞു. ലോകത്തിന്റെ തന്നെ അവസ്ഥ പരിതാപകരമായി.
ഇപ്പോഴും സാന്പത്തിക നേട്ടം കൊണ്ടുവരുന്ന ഐശ്വര്യത്തെപ്പറ്റി കഥകൾ മെനയാനും പണത്തെക്കുറിച്ചു മാത്രം ചിന്തിക്കാനും നിങ്ങൾ രാഷ്ട്രീയ നേതാക്കൾക്ക് എങ്ങനെ കഴിയുന്നുവെന്നും അവർ ചോദിച്ചു. വിമാനയാത്ര ഒഴിവാക്കി ബോട്ടിലാണ് ഗ്രേറ്റ സ്വീഡനിൽനിന്നു ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിനെത്തിയത്.