ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വെയുടെ വിജയമോഹങ്ങളെ തട്ടിത്തെറിപ്പിച്ച് ഫ്രഞ്ച്പട രണ്ടാം ഗോള്‍ നേടിയപ്പോള്‍ ആര്‍ത്ത് വിളിച്ച ആരാധകര്‍ക്ക് നടുവിലൂടെ ശാന്തനായി അയാള്‍ നടന്നുനീങ്ങി. അത് മാറ്റാരുമായിരുന്നില്ല, ആ ഗോളിനുടമ സാക്ഷാല്‍ അന്റോണിയ ഗ്രീസ്മാന്. ഉറുഗ്വെയന്‍ താരങ്ങളുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ ശരീരഭാഷ.
അറുപത്തൊന്നാം മിനിറ്റിലാണ് 12 വര്‍ഷങ്ങള്‍ക്ക്ശേഷം ഫ്രാന്‍സിനെ സെമിയിലെത്തിച്ച ഗ്രീസ്മാന്റെ ഗോള്‍ പിറന്നത്. ബോക്സിനു പുറത്തുവച്ച് ടോലിസോയുടെ പാസ് ബോക്സിനോടു ചേര്‍ന്നുനിന്ന ഗ്രീസ്മാന്റെ കാലിലെത്തി. എന്നാല്‍ ഗ്രീസ്മാന്റെ അടി നേരിട്ട് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ കൈകളിലേക്കായിരുന്നു. എന്നാല്‍, പന്ത് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച മുസ്ലേരയ്ക്ക് പിഴച്ചു. വഴുതി സ്വന്തം വലയില്‍.
പ്രെഫഷണല്‍ ഫുട്ബോള്‍ കരിയറിന്റെ തുടക്കകാലത്ത് പിന്തുണ നല്‍കിയത് ഒരു ഉറുഗ്വെയക്കാരനായിരുന്നു. ഫുട്ബോളിലെ നല്ലതും ചീത്തയുമായ വശങ്ങള് അദ്ദേഹം തനിക്ക് കാട്ടിത്തന്നു. ആ ബഹുമാനത്തോടെ, ഗോള്‍നേട്ടം ആഘോഷിക്കുന്നത് ഉചിതമല്ലെന്നു കരുതി. ഉറുഗ്വെയെയും ഉറുഗ്വെയന്‍ സംസ്കാരത്തെയും താന്‍ അതിയായി ഇഷ്ടപ്പെടുന്നുവെന്നും മത്സരശേഷം ഗ്രീസ്മാന് പറഞ്ഞു.
അത്ലറ്റിക്കോ മഡ്രിഡില്‍ ഒന്നിച്ചുകളിക്കുന്ന ഗ്രീസ്മാനും ഉറുഗ്വെ ഡിഫന്‍ഡര്‍ ഡിയോഗോ ഗോഡിനും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഗ്രീസ്മാന്റെ മകളുടെ തലതൊട്ടപ്പന് കൂടിയാണ് ഗോഡിന്. ഹോസെ ഗിമെന്‍സും അത്ലറ്റിക്കോയില് ഗ്രീസ്മാനൊപ്പം കളിക്കുന്നവരാണ്. ഉറുഗ്വെയ്ക്കെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ ഉറ്റ സുഹൃത്തുകള്‍ക്കെതിരെ കളിക്കുന്ന മാനസിക സമ്മര്‍ദമാണ് ഗ്രീസ്മാനെ വലച്ചത്.