റാ.. റാ.. റാസ്പുടിൻ ലവർ ഓഫ് ദി റഷ്യൻ ക്വീൻ… ലോകത്തെ കോടിക്കണക്കിനാളുകൾ ഇന്നും പാടി രസിക്കുന്ന ബോണി എമ്മിന്റെ പാട്ടാണിത്.
ഇതു പാടി ലോകഹൃദയങ്ങളിൽ ഇടം നേടിയത് ലോകപ്രശസ്ത പോപ്പ് ഗായകൻ ബോബി ഫാരലും. അടുത്തനാളിൽ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീൻ റസാഖും ജാനകിയും ചേർന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകളും വൈറലായി.
പാട്ടുകളിലൂടെ റാസ്പുടിൻ ഇനിയും ലൈവായി തന്നെ നിലനിൽക്കും. പാട്ടിൽ വിവരിക്കുന്നതു മുഴുവൻ റാസ്പുടിനെക്കുറിച്ചാണ്. പക്ഷേ ഈ പാട്ട് ഏറ്റുപാടുന്നവരിൽ ബഹുഭൂരിപക്ഷത്തിനും റാസ്പുടിൻ ആരാണെന്നറിയില്ല.
റഷ്യയിൽ ജീവിച്ചിരുന്ന റാസ്പുടിന് അത്ഭുതസിദ്ധികൾ ഉണ്ടെന്നു വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്. കൊടിയ വിഷം കൊടുത്തിട്ടും ചാകാത്തയാൾ.
ചിലർക്ക് അയാൾ കൊള്ളരുത്താവനും ദുഷ്ടനും ആയിരുന്നു. പക്ഷേ ബോണി എമ്മിന്റെ പാട്ടിൽ പറയുന്നതുപോലെ “ബട്ട് ടു മോസ്കോ ചിക്സ് ഹി വാസ് സച്ച് എ ലവ്ലി ഡിയർ’. അതേ, റഷ്യൻ രാജ്ഞി ഉൾപ്പെടെ മോസ്കോയിലെ സന്പന്ന യുവതികളുടെ ഹരമായിരുന്നു അയാൾ.
1869 ജനുവരി 21ന് റഷ്യയുടെ ഭരണത്തിൽ കീഴിലിരുന്ന സൈബീരിയയിലെ ട്യൂമന്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലായിരുന്നു ഗ്രിഗറിയെ ഫിമോവിച്ച് റാസ്പുടിന്റെ ജനനം.
യെഫിം എന്ന കർഷകന്റെയും (അദ്ദേഹത്തിന് സർക്കാരിൽ ഒരു ചെറിയ ജോലി കൂടി ഉണ്ടായിരുന്നു) അന്ന പഷ്കോവയുടെയും മകനായിട്ടാണ് റാസ്പുടിന്റെ ജനനം. മറ്റ് ഏഴു സഹോദരങ്ങൾ കൂടി റാസ്പുടിന് ഉണ്ട്.
കൗമാരത്തില്‍ മോഷണം, കള്ളുകുടി മയക്കുമരുന്നുപയോഗം എന്നിങ്ങനെ എല്ലാ കൊള്ളരുതായ്കകളും അയാൾക്കുണ്ടായിരുന്നു. അങ്ങനെ നാട്ടിൽ വലിയൊരു ശല്യക്കാരനായിരുന്നു അയാൾ.
ശല്യം കലശലായപ്പോള്‍ നല്ലനടപ്പിന് അടുത്തുള്ള ഒരു മൊണാസ്ട്രിയിലാക്കി. മാസങ്ങള്‍ക്കു ശേഷം താൻ ഒരു ദിവ്യനാണെന്നു വെളിപ്പെടുത്തിയാണ് അവിടുന്ന് റാസ്പുടിൻ പുറത്തുവന്നത്.
1886ൽ അയാൾ 250 കിലോമീറ്റർ ദൂരെയുള്ള അബലാക് എന്ന പട്ടണത്തിലേക്കു പോയി. അവിടെ കണ്ടുമുട്ടിയ ഒരു കർഷക സ്ത്രീയുമായി പ്രണയത്തിലായി.
പരസ്കോവ ഡ്യുബ്രോവിന എന്നായിരുന്നു ആ യുവതിയുടെ പേര്. 1887ൽ അവർ വിവാഹിതരായി. ഇവർക്കും ഏഴു കുട്ടികൾ ജനിച്ചുവെങ്കിലും ചെറുപ്പത്തിലുള്ള അസുഖങ്ങൾ മൂലം അതിൽ നാലു പേരും മരണപ്പെട്ടു.
ദൈവിക വെളിപാടുകൾ കിട്ടുന്നുവെന്ന് അവകാശപ്പെട്ട് റാസ്പുടിൻ പിന്നീട് പ്രബോധനവും രോഗചികിത്സയും തുടങ്ങി.
വളരെ വേഗം റാസ്പുടിന്റെ അത്ഭുത പ്രവൃത്തികളുടെ കഥകൾ രാജ്യമെങ്ങും പരന്നു. അവ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ പത്നി അലക്സാൻഡ്രിയുടെ ചെവിയിലുമെത്തി.
നിക്കോളാസ് രണ്ടാമന് ആദ്യമുണ്ടായത് മൂന്നു പെൺകുട്ടികളായിരുന്നു. ആറ്റു നോറ്റുണ്ടായ നാലാമത്തെ പുത്രൻ കിരീടാവകാശിയായ അലക്സിക്ക് ഗുരുതര ഹീമോഫീലിയ (രക്തം കട്ടപിടക്കാതെ വാർന്നുപോകുന്ന അസുഖം) രോഗമുണ്ടായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുള്ള അമ്മ അലക്സാഡ്രിയയുടെ ജീന്‍ വഴിയെത്തിയ രോഗം. ഹിമോഫീലിയ ബാധിച്ച രാജകുമാരനെ കൊട്ടാരം വൈദ്യന്മാർ കൈയൊഴിഞ്ഞു.
രക്തം വാര്‍ന്നു വിവശനായ അലക്സിയെ ചികിത്സിക്കാൻ ‘സ്ഥലത്തെ പ്രധാന ദിവ്യനായ’ റാസ്പുടിനെ ആളയച്ചു കൊട്ടാരത്തിലേക്കു വരുത്തി. അയാൾ എത്തിയ അന്നു രാത്രി രാജകുമാരന്റെ അസുഖത്തിനു കുറവുണ്ടായി.
രാജ്ഞിക്ക് റാസ്പുടിനോട് വലിയ മതിപ്പ് തോന്നാൻ ഇതിടയാക്കി. രാജ്ഞി എല്ലാകാര്യത്തിലും റാസ്പുടിന്റെ ഉപദേശം തേടി. അതയാൾ മുതലെടുത്തു.
വൈകാതെ അയാൾ റഷ്യയിലെ നിശാപാർട്ടികളിൽ സജീവമായി. പ്രഭുഭവനങ്ങളിലെ സ്ത്രീകൾ റാസ്പുടിന്റെ ചുറ്റുംകൂടി.
പ്രഭുകുടുംബങ്ങളിലെ സ്ത്രീകളുമായും വേശ്യകളുമായുമൊക്കെ ഇതിനിടെ അയാൾ തന്റെ ബന്ധം തുടർന്നു. റാസ്പുടിൻ നിശാ പാർട്ടികളിൽ മദ്യപിച്ച് സ്ത്രീകൾക്കൊപ്പം പാടി നൃത്തംചെയ്തു.
ഇത്തരം പരിപാടികളിൽ യോഗിയായ റാസ്പുടിൻ പങ്കെടുക്കുന്നതിനെ യാഥാസ്ഥിതികർ എതിർത്തു. ഇതിനിടെ രാജ്ഞിയുടെ കാമുകനാണ് റാസ്പുടിൻ എന്ന കിംവദന്തിയും പരന്നു.
റാസ്പുടിൻ അധികാരത്തിൽ ഇടപെടുന്നതിൽ നേരെത്തെതന്നെ രാജകുടുംബത്തിൽ അസ്വസ്ഥത പടർന്നിരുന്നു.അയാളെ കൊട്ടാരത്തിൽനിന്ന് പുറത്താക്കാൻ അവർ ചക്രവർത്തിയോട് ആവശ്യപ്പെട്ടു.
എന്നാൽ രാജ്ഞി സമ്മതിച്ചില്ല. മകന്റെ അസുഖം പൂർണമായി മാറുംവരെ അയാൾ കൊട്ടാരത്തിൽ വേണമെന്ന് രാജ്ഞി നിർബന്ധം പിടിച്ചു.
സാര്‍ ചക്രവര്‍ത്തിയുടെ ഭാര്യ മുതല്‍ തെരുവു വേശ്യകള്‍ വരെ നീളുന്നതായിരുന്നു റാസ്പുടിന്റെ വഴിവിട്ട ബന്ധങ്ങള്‍. ലൈംഗികമായി ബന്ധപ്പെടുന്ന വരുടെ തലമുടി മുറിച്ച് സൂക്ഷിക്കുന്നത് റാസ്പുടിന്റെ ശീലമായിരുന്നു.
1977 ല്‍ റാസ്പുടിന്റെ വീട് പൊളിച്ചപ്പോള്‍ തോട്ടത്തിലെ മണ്ണിനടിയില്‍ നിന്ന് മുറിച്ച മുടി സൂക്ഷിച്ച കുറെ പെട്ടികള്‍ കണ്ടെടുത്തിരുന്നു.
ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മനിക്കെതിരെ പോരാടാന്‍ നിക്കോളാസ് രണ്ടാമന് പുറപ്പെട്ടസമയം അലക്സാഡ്രിയ യും റാസ്പുടിനും തമ്മിലുള്ള അടുപ്പം അന്തപുരവും കടന്ന് സംസാര വിഷയമായി. ഇതിനിടെ റാസ്പുടിനെ നാടുകടത്തിയെങ്കിലും രാജ്ഞി ഇടപെട്ട് മോസ്കോയിലേക്ക് തിരികെ എത്തിച്ചു.
ചക്രവര്‍ത്തിയുടെ അസാന്നിധ്യത്തില്‍ റാസ്പുടിൻ റഷ്യയുടെ ഭരണപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട. 1914ൽ ചിയോഗ്യ ഗുസേവ എന്ന കർഷക സ്ത്രീ റാസ്പുടിനെ വധിക്കാനായി വയറ്റിൽ കുത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
സാര്‍ ചക്രവര്‍ത്തിയുടെ ബന്ധു ദിമിത്രി പോവ് ലൊവിച്ച് റുമനോവ്, രാജാവിന്റെ അനന്തിരവൻ ഫെലിക്സ് യൂഡുപോവ്, ഡ്യൂമ അംഗം വ്ളാഡിമിര്‍ പുരിഷ്വിച്ച് എന്നിവര്‍ റാസ്പുടിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. ചികിത്സ നടത്താന്‍ എന്ന മട്ടില്‍ റാസ്പുടിനെ വിളിച്ച് വരുത്തി.
കടുത്ത മദ്യപാനിയായ ഇദ്ദേഹത്തെ ഒരു വീഞ്ഞ് സല്‍ക്കാരത്തിന് ക്ഷണിച്ചു. മാരകമായ വിഷം കലര്‍ത്തിയ കേക്കും വീഞ്ഞുമാണ് കഴിക്കാന്‍ നല്‍കിയത്. കിട്ടിയതെല്ലാം റാസ്പുടിന് അകത്താക്കി.
പക്ഷേ റാസ്പുടിന് മരിച്ചില്ല. അമിതമദ്യപാനം മൂലമുണ്ടായ അക്ലോര്‍ഹൈഡ്രിയയാണ് (ആമാശയത്തിലെ ആസിഡ് നിര്‍മാണം കുറയുക) കൊടിയ വിഷത്തിൽനിന്ന് റാസ്പുടിനെ രക്ഷിച്ചതെന്നാണ് വിലയിരുത്തൽ.
വിഷംനൽകിയിട്ടും മരിച്ചില്ലെന്നു കണ്ട് ക്രുദ്ധനായ ഫെലിക്സ് രാജകുമാരന് റാസ്പുടിനു നേരെ മൂന്നുതവണ നിറയൊഴിച്ചു. വീണുകിടന്ന റാസ്പുടിനെ തറയിലിട്ട് തല്ലി, എന്നിട്ടും മരിക്കാത്തപ്പോൾ ഒരു ചാക്കില്‍ പൊതിഞ്ഞ് നേവ നദിയിലെ ഐസ് കട്ടകള്‍ക്കിടയിലിട്ടു.
ഇനിയും ഉയർത്തെഴുന്നേറ്റാൽ സ്ത്രീകളുമായി ബന്ധപ്പെടാതിരിക്കാനായി ഇയാളുടെ ലിംഗം മുറിച്ചു മാറ്റുകയും ചെയ്ത ത്രേ. ഇത് പ്രത്യേക ലായനിയിൽ ഇപ്പോഴും സെന്റ് പീറ്റേഴ്സ് ബർഗ് മ്യൂസിയത്തിൽ സൂക്ഷിച്ചി ട്ടുണ്ടെന്നു പറയുന്നു.
തണുത്തുറഞ്ഞ നേവാനദിയില്നിന്ന് കണ്ടെടുത്ത റാസ്പുടിന്റെ മൃതദേഹത്തില്‍ നാലു വെടിയുണ്ടകളുണ്ടായിരുന്നു.
നാലാമത്തെ വെടിയുണ്ട ബ്രിട്ടനിൽ നിർമിച്ച തോക്കിൽ നിന്നായിരുന്നു. ഫെലിക്സ് രാജകുമാരന്റെ ഉറ്റ സുഹൃത്തായ ഒരു ബ്രിട്ടീഷ് ചാരനും റാസ്പുടിനെ വധിക്കാനുള്ള സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു.
1916 ഡിസംബര്‍ 30ന് റാസ്പുടിന്റെ മരണം സ്ഥിരീകരിച്ചത്. വധിക്കപ്പെടുന്നതിന് കുറച്ച് നാളുകൾക്കുമുമ്പ് റാസ്പുടിൻ രാജ്ഞിയോട് ഒരു പ്രവചനം നടത്തിയിരുന്നു.
താൻ ഒരു വർഷത്തിനുള്ളിൽ കൊല്ലപ്പെടുമെന്നും അതിൽ രാജകുടുംബത്തിന് പങ്കുണ്ടെങ്കിൽ അവർ രണ്ടു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽനിന്ന് തുടച്ചു നീക്കപ്പെടുമെന്നും.
സന്ദർഭവശാൽ പ്രവചനം സത്യമായി. 1917ലെ ബോൾഷെവിക് വിപ്ലവം നടന്ന് ഒരു വർഷത്തിനകം ചക്രവർത്തിയുടെ കുടുംബം കൊല്ലപ്പെട്ടു. ഒക്ടോബര്‍ വിപ്ലവത്തിലൂടെ സാര്‍ രാജാക്കന്മാര് സ്ഥാനഭ്രഷ്ടരായി.
ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിവാദങ്ങളുണ്ടാക്കിയ ഒരു മരണമായി റാസ്പുടിന്റെ മരണം ഇന്നും തുടരുന്നു. റാസ്പുടിന് കൊല്ലപ്പെട്ട സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ യസുപോവ് പാലസ് ഇന്ന് സഞ്ചാരികളുടെ പ്രിയ ഇടമാണ്.
റഷ്യയുടെ കാമഭ്രാന്തനായ സന്യാസിയുടെ ജീവിതം ലോകമൊട്ടാകെയുള്ള സംഗീതപ്രേമികള്‍ ഏറ്റുപാടുന്നതാണ് പിന്നീട് കണ്ടത്. ബോണി എം ട്രൂപ്പിലെ ബോബി ഫാരലാണ് എക്കാലത്തെയും ഹിറ്റ് ഗാനവുമായെത്തിയത്.
ബോണി ഫാരലിന്റെ മരണവും വിവാദമായിരുന്നു. 2010 ഡിസംബർ 29ന് സെന്റ് പീറ്റേഴ്സ് ബർഗിൽ സംഗീത പരിപാടി കഴിഞ്ഞ് ഹോട്ടൽമുറിയിൽ ഉറങ്ങാൻ കിടന്ന ബോബി ഫാരൽ പിറ്റേദിവസം മരിച്ചു കിടക്കുന്നതാണ് കണ്ടത്. റാസ്പുടിൻ കൊല്ലപ്പെട്ട അതേ നഗരത്തിൽ അതേ ദിവസം.
റാസ്പുടിനെക്കുറിച്ചു പാടി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ബോബി ഫാരലിനെ റാസ്പുടിന്റെ പ്രേതം വകവരുത്തിയതാണെന്ന് അക്കാലത്ത് ചിലർ വിശ്വസിച്ചിരുന്നു.
തയാറാക്കിയത് – എസ്. റൊമേഷ്