ഒന്നു തലോടണമെന്ന മോഹവുമായി വനിതാ ടൂറിസ്റ്റ് ചെന്നു കയറിയത് സിംഹത്തിന്റെ മടയില്‍; പണി തീരേണ്ടതായിരുന്നു… പാര്‍ക്കിന്റെ ഉടമസ്ഥന്‍ കണ്ടതുകൊണ്ടു രക്ഷപ്പെട്ടു…

സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു എന്ന ലാലേട്ടന്റെ ഡയലോഗ് മലയാളികള്‍ക്കെല്ലാം സുപരിചിതമാണ്. എന്നാല്‍ ഓള്‍ഗാ സൊലാമിന എന്ന 43കാരി സിംഹത്തിന്റെ മടയിലേക്ക് കയറിച്ചെന്നത് ഒന്ന് തലോടണമെന്ന മോഹവുമായായിരുന്നു. ഉക്രൈനിലെ ഒരു ലയണ്‍ സഫാരി പാര്‍ക്കിലായിരുന്നു സംഭവം. നാല് വയസ്സുള്ള ഒരു സിംഹത്തിന്റെ തലയില്‍ തലോടുകയും താടിയില്‍ ചൊറിയുകയും ചെയ്ത ഓള്‍ഗ ആഗ്രഹം സഫലീകരിക്കുകയും ചെയ്തു. എന്നാല്‍ സിംഹത്തിന് ഇത് ഇഷ്ടപ്പെട്ടിട്ട. സിംഹം ഓള്‍ഗയെ പൊടുന്നൊനെ ആക്രമിക്കുകയായിരുന്നു. ഒരു സിംഹം ആക്രമിച്ചതോടെ കൂട്ടിലുണ്ടായിരുന്നു മറ്റ് സിംഹങ്ങളും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ആക്രമണത്തിന് തുടക്കമിട്ട സിംഹം തന്നെ ഓള്‍ഗയുടെ കയ്യില്‍ കടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്തു. പതറിപ്പോയ ഓള്‍ഗയ്ക്ക് ചെറുത്ത് നില്‍ക്കാന്‍ പോലുമായില്ല.

എന്നാല്‍ തൊട്ടടുത്ത് തന്നെ സഫാരി പാര്‍ക്കിന്റെ ഉടമസ്ഥന്‍ ഒലേഗ് സുബ്‌കേവ് ഉണ്ടായിരുന്നത് ഓള്‍ഗയ്ക്ക് രക്ഷയായി. ഓള്‍ഗയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഒലേഗ് സിംഹങ്ങളെ ഭയപ്പെടുത്തി മാറ്റുകയും ഓള്‍ഗയെ അവിടെ നിന്ന് രക്ഷിക്കുകയുമായിരുന്നു. തന്റെ മരണം സംഭവിക്കുന്നുവെന്ന ബോധ്യത്തിലാണ് സിംഹങ്ങള്‍ക്കിടയില്‍ കിടന്നതെന്ന് ഓള്‍ഗ പിന്നീട് പറഞ്ഞു.

അതേസമയം ഓള്‍ഗയെ രക്ഷിച്ച ശേഷമുള്ള സഫാരി പാര്‍ക്ക് അധികൃതരുടെ പെരുമാറ്റം ഒട്ടും തൃപ്തികരമായിരുന്നില്ല. ഓള്‍ഗയെ ആശുപത്രിയില്‍ പോലും എത്തിക്കാന്‍ ശ്രമിക്കാതെ വേദന കുറയാന്‍ ഉക്രൈനില്‍ ലഭിക്കുന്ന പ്രാദേശിക മദ്യം നല്‍കുകയാണ് ചെയ്തത്. മദ്യം കഴിച്ച ശേഷം ഓള്‍ഗയെ ഇവര്‍ ഓള്‍ഗയുടെ കാറില്‍ തന്നെ വീട്ടിലാക്കുകയും ചെയ്തു.

എന്നാല്‍ വൈകാതെ ഓള്‍ഗയ്ക്ക് കയ്യിലെ വേദന വര്‍ധിക്കുകയും ഉടന്‍ തന്നെ വീട്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഓള്‍ഗയുടെ എല്ലില്‍ വരെ സിംഹത്തിന്റെ പല്ല് ആഴ്ന്നിറങ്ങി എന്നും എല്ലിനു പൊട്ടലുണ്ടെന്നും തിരിച്ചറിഞ്ഞത്. കൂടാതെ കടിയേറ്റ ഭാഗത്ത് സാരമായ അണുബാധ ഉണ്ടാവുകയും ചെയ്തു. ഇതോടെ ഓള്‍ഗയെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇപ്പോള്‍ ഓള്‍ഗയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ആക്രമണത്തില്‍ സിംഹത്തെ കുറ്റപ്പെടുത്താനില്ലെന്ന് ഓള്‍ഗ പറഞ്ഞു. താന്‍ ആ സമയം നന്നായി മദ്യപിച്ചിരുന്നു. മദ്യത്തിന്റെ മണം ഇഷ്ടപ്പെടാത്തതിനാലായിക്കാം തന്നെ സിംഹം ആക്രമിച്ചതെന്നും ഓള്‍ഗ പറയുന്നു.

അതേസമയം മദ്യപിച്ച് മൃഗശാലയിലെത്തിയ ഓള്‍ഗയ്ക്ക് നഷ്ടപരിഹാരം പോലും നല്‍കില്ലെന്നാണ് മൃഗശാല അധികൃതരുടെ നിലപാട്. മാത്രമല്ല സഫാരി പാര്‍ക്കിലെ യാത്ര അപകടം പിടിച്ചതാണെന്ന മുന്നറിയിപ്പില്‍ ഒപ്പു വച്ച ശേഷമാണ് ഓള്‍ഗ അകത്ത് കയറിയതെന്നും ഇവര്‍ പറയുന്നു. ഇതാദ്യമായല്ല ഓള്‍ഗ സിംഹത്തിന്റെ പേരില്‍ വാര്‍ത്തയില്‍ നിറയുന്നത്. നേരത്തെ പെണ്‍സിംഹത്തെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് കുറ്റപ്പെടുത്തി ഒരു ആണ്‍സിംഹത്തിന് നേരെ ഓള്‍ഗ ചെരുപ്പെറിഞ്ഞിരുന്നു. ഈ വിഡിയോ അക്കാലത്ത് ഉക്രൈനില്‍ ചര്‍ച്ചയാവുകയും ചെയ്തതതാണ്. ഇപ്പോള്‍ പുതിയ വീഡിയോ പുറത്തുവന്നതോടെ ഓള്‍ഗ വാര്‍ത്തകളില്‍ നിറയുകയാണ്.

Related posts