ഹനോയ്: അരനൂറ്റാണ്ടായി ശീതളപാനീയങ്ങൾ മാത്രം കുടിച്ചു ജീവിക്കുന്ന ഒരു സ്ത്രീയുണ്ട് വിയറ്റ്നാമിൽ. ഇരുപത്തിയഞ്ചാം വയസിലാണ് ഇവർ ഖരരൂപത്തിലുള്ള ഭക്ഷണം ഉപേക്ഷിക്കുന്നത്. ഇപ്പോൾ പ്രായം എഴുപത്തിയഞ്ചായി.
എത്ര പ്രലോഭിപ്പിച്ചാലും ഇവർ ഖരഭക്ഷണം കഴിക്കില്ല. ശീതളപാനീയങ്ങൾ കിട്ടിയില്ലെങ്കിൽ വെറും വെള്ളം മാത്രം കുടിച്ചു വിശപ്പടക്കും. വിയറ്റ്നാമിലെ ക്വാങ് ബിൻ പ്രവിശ്യയിലെ ബുയി തി ലോയി ആണ് ഈ വിചിത്രമായ ഭക്ഷണരീതിയുടെ ഉടമ.
പാനീയങ്ങൾ മാത്രം കഴിക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ കാരണങ്ങളുണ്ടെന്നു ബുയി വെളിപ്പെടുത്തുന്നു. 50 വർഷം മുൻപു ബുയിക്കു മിന്നലേറ്റിരുന്നു.
ബോധം തെളിഞ്ഞപ്പോൾ മധുരമുള്ള വെള്ളം കുടിക്കാൻ നൽകി. പിന്നീടു ഖരഭക്ഷണത്തിന്റെ ഗന്ധം ബുയിക്ക് ഓക്കാനമുണ്ടാക്കുന്നതായി മാറുകയായിരുന്നു. പഴങ്ങൾ കഴിച്ചാൽ കുഴപ്പമില്ലെങ്കിലും അതൊരു ശീലമാക്കാൻ ഈ വയോധികയ്ക്കു താൽപര്യമില്ല.